ക്രൈസ്റ്റില്‍ വിദ്യാരംഭത്തിന് മാതാപിതാക്കള്‍ക്ക് ക്ലാസ് എടുത്ത് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്ന വിദ്യാരംഭം ചടങ്ങിലെ നവാഗതരുടെ മാതാപിതാക്കള്‍ക്കായുള്ള വിദ്യാര്‍ഥികളുടെ ക്ലാസ് ശ്രദ്ധേയമായി. ആധുനിക പ്രവണതകളിലെ വെല്ലുവിളികള്‍, വിദ്യാര്‍ഥികളുടെ ബുദ്ധി വൈവിധ്യവും സവിശേഷ വ്യക്തിത്വവും അംഗീകരിക്കേണ്ടതിന്റെ ആവശ്യകത, മികവിലേക്കുള്ള മാര്‍ഗങ്ങളും തടസങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും മാതാപിതാക്കളുമായി പങ്കുവെക്കുകയുണ്ടായി.
ക്രൈസ്റ്റ് കലാലയത്തിന്റെ നേട്ടങ്ങള്‍, നേതൃത്വം, പഠനാന്തരീക്ഷം എന്നിവയും വിദ്യാര്‍ഥികള്‍ സദസിന് പരിചയപ്പെടുത്തി. പ്രഭാഷണവും സംവാദവും എന്ന രീതിയില്‍ ഒരു മണിക്കൂര്‍ നീണ്ട പരിപാടി ആയിരത്തോളം വരുന്ന മാതാപിതാക്കള്‍ക്ക് പുതിയ അനുഭവമായി. ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. വില്‍സണ്‍ തറയില്‍ സിഎംഐയുടെ നേതൃത്വത്തില്‍ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ റ്റി.എച്ച്. ആരതി, ഡിനോ ഡെന്നീസ്, ഡിയോണ ജയ്സണ്‍, എ.എസ്. ഫവാസ്, ബിവോക് ഐടി വിദ്യാര്‍ഥി ബെനിറ്റോ ബാബു എന്നിവരാണ് കോളജിലെ കാത്തലിക് സ്റ്റുഡന്‍സ് അസോസിയേഷന് സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയില്‍ മാതാപിതാക്കള്‍ക്കായുള്ള കുട്ടികളുടെ ക്ലാസ് അവതരിപ്പിച്ചത്.