ലഹരിക്കെതിരെ വിദ്യാര്‍ഥിസമൂഹം അണിനിരക്കണം: ശ്രീകണ്ഠന് നായര്‍
ഇരിങ്ങാലക്കുട: യുവസമൂഹം ലഹരിയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന കാലയളവില്‍ ഈ സാമൂഹ്യ വിപത്തിനെതിരെ വിദ്യാര്‍ത്ഥിസമൂഹം അണിനിരക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് ആര്. ശ്രീകണ്ഠന് നായര്‍. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിന്റെ വജ്ര ജൂബിലി ചരിത്ര സ്മരണിക ‘സാങ്കോഫാ’ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ഗ്ഗവാസനകള്‍ ഉണരണമെങ്കിലും അഭിനയം അതിന്റെ പൂര്ണതയിലെത്തണമെങ്കിലും സര്‍ഗ്ഗ സൃഷ്ടികള്‍ ജന്മമെടുക്കണമെങ്കിലും കഞ്ചാവ്, എം ഡി എം എ പോലുള്ള ഉഗ്ര ലഹരികള്‍ അനിവാര്യമാണെന്നൊരു മിഥ്യാധാരണ നമ്മുടെ യുവ സമൂഹത്തില്‍ അടുത്തകാലത്തായി പടര്‍ന്നു കഴിഞ്ഞു. ഇതിനെതിരെ സന്ധിയില്ലാ സമരം നടത്താന്‍ അരയും തലയും മുറുക്കി പൗരബോധമുള്ള സമൂഹം മുന്നിട്ടിറങ്ങണം.
വിദ്യാര്‍ഥികള്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന്പ്രതിജ്ഞ എടുക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോണ്‍ ബോസ്കോ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്മരണിക കമ്മറ്റി ചെയര്മാന് ഡോണി ജോര്‍ജ് അക്കരക്കാരന്‍ പുസ്തകം ഏറ്റു വാങ്ങി. സ്മരണിക എക്സിക്യൂട്ടീവ് എഡിറ്റര്‍ സെബി മാളിയേക്കല്‍ പുസ്തകത്തെ പരിചയപ്പെടുത്തി. പ്രമുഖ മാധ്യമപ്രവര്ത്തകന് പി.പി. ജെയിംസ് ആശംസകള്‍ അര്‍പ്പിച്ചു. ചീഫ് എഡിറ്ററും ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പാളുമായ ഫാ. സന്തോഷ് മണിക്കൊമ്പേല്‍ സ്വാഗതവും സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലൈസ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ഫാ. വര്‍ഗീസ് ജോണ്‍, സിസ്റ്റര്‍ വി.പി. ഓമന, അഡ്വ. ഹോബി ജോളി, സിബി പോള്‍, ടെല്‍സണ്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന്, എം. സംഗീത സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.