ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്: ബാത്ത്റൂം നിര്‍മാണം എങ്ങുമെത്തിയില്ല
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിക്കുന്ന ബാത്ത്റൂം അഞ്ചുവര്‍ഷമായിട്ടും പണിതീരാത്തതിനെതിരേ യാത്രക്കാര്‍. ഇരിങ്ങാലക്കുട ഒന്നാംനമ്പര്‍ പ്ലാറ്റ് ഫോമില്‍ ടീഷോപ്പിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പണിയുന്ന ഓരോ ബാത്ത്റൂമുകളുടെ നിര്‍മാണമാണ് നീണ്ടുപോകുന്നത്. വേണ്ടത്ര സൗകര്യമില്ലാതെ പണിയുന്ന ബാത്ത്റൂമായിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിര്‍മാണം നീണ്ടുപോകാന്‍ കാരണമെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. നിലവില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച നാല് ബാത്ത് റൂമുകളും യാത്രക്കാരുടെ മുറിയുമാണ് ഉള്ളത്. എന്നാല്‍ ഈ ബാത്ത്റൂമുകളും ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി.
സമീപ റെയില്വേസ്റ്റേഷനുകളെല്ലാം തന്നെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിക്കുമ്പോഴും കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ആവശ്യത്തിന് സൗകര്യങ്ങള്‍പോലുമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ആറുകോടിയിലേറെ വരുമാനവും 13 ലക്ഷത്തിലേറെ യാത്രക്കാരും യാത്രചെയ്യുന്ന ഈ സ്റ്റേഷന് ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്റ്റേഷനുകളിലൊന്നാണ്. ഇവിടെനിന്ന് കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കാന്റീനോ, ചായക്കടയോ, ബാത്ത് റൂം സൗകര്യങ്ങളോ കാത്തിരിപ്പുകേന്ദ്രമോ ഇല്ല.
രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കാന്റീന് നിര്‍മിക്കാന്‍ ടെണ്ടര്‍ വിളിക്കുമെന്നും ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് സ്റ്റേഷന് സന്ദര്‍ശിച്ച വേളയില്‍ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. മന്ത്രി ആര്. ബിന്ദു റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച് സ്റ്റേഷന്റെ ശോച്യാവസ്ഥ റെയില്‍വേയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും അറിയിച്ചിരുന്നെങ്കിലും അതും നടപടിയായില്ലെന്നും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ബാത്ത്റൂമിന്റെ നിര്‍മാണം ഏല്‍പ്പിച്ച കരാറുകാരന് പണി വൈകിപ്പിച്ചതിനാല്‍ അയാളെമാറ്റി പുതിയയാള്‍ക്ക് കരാര്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്ന് റെയില്‍വേ അറിയിച്ചു. പുതിയ കരാറുകാര്‍ക്ക് അനുമതി ലഭിച്ചാല്‍ ബാത്ത് റൂമുകളുടെ നിര്‍മാണം പുനരാരംഭിക്കുമെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.