സ്കൂള്‍ ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും പുസ്തകം സമ്മാനിച്ച് നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ വിദ്യാര്‍ഥി സംഘടനയായ നോവ മാതൃകയായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ നോവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂള്‍ ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും പുസ്തകങ്ങള്‍ സമ്മാനിക്കുന്ന പദ്ധതിക്ക് തുടക്കമായി. ആനന്ദപുരം ഗവ. യുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് ആറ് സ്ഥാപനങ്ങള്‍ക്ക് 500 ഓളം പുസ്തകങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സ്ഥാപിതമായത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ്.
പൂര്‍വ്വ വിദ്യാര്‍ഥികള്‍ സമ്മാനിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നതെന്നും അടുത്തഘട്ടത്തില്‍ ജില്ലയില്‍ ഉടനീളം പദ്ധതി വ്യാപിപ്പിക്കുമെന്നും നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍ രക്ഷാധികാരികളായ പ്രഫ. കെ.ജെ. ജോസഫ്, പ്രഫ വി.പി. ആന്റോ, ഡോ. സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.
നോവ രക്ഷാധികരികളായ പ്രഫ. കെ.ജെ. ജോസഫ്, പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. വി.പി. ആന്റോ എന്നിവര്‍ പുസ്തക സമര്‍പ്പണം നടത്തി. മുരിയാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.യു. വിജയന്, എ.എസ്. സുനില്‍കുമാര്‍, നോവ ഭാരവാഹികളായ പ്രിയന് ആലത്ത്, ടെല്‍സണ്‍ കോട്ടോളി, കെ. ബാബുരാജ്, ശശികുമാര്‍, അധ്യാപികമാരായ പി. ഇന്ദു, റിയ ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. വിന്‍സെന്റ് പള്ളായി, രാജു ബാലന്, അഡ്വ. വി.പി. ലിസന്‍, കെ.എ. അമല്‍, യു. ഉദയ എന്നിവര്‍ നേതൃത്വം നല്കി.