പഞ്ചായത്ത് സ്ഥലം കയ്യേറി; 70-ാം വയസില്‍ ഒറ്റയാള്‍ സമരം
കോണത്തുക്കുന്ന്: തെക്കുംകര വില്ലേജിലെ 19-ാം വാര്‍ഡില്‍ പൈങ്ങോട്ടില്‍ റോഡിനോടു ചേര്‍ന്നുള്ള കളച്ചാട്ടില് രാധാകൃഷ്ണന് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. തന്റെ വീട്ടു മതിലിനോട് ചേര്‍ന്നുള്ള സ്ഥലം അതിര്‍ത്തിക്കല്ല് ഉള്‍പ്പടെ ജെസിബി ഉപയോഗിച്ച് ഇടിച്ചിട്ടത് പുന:ക്രമീകരിക്കാനുള്ള ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. രാധാകൃഷ്ണന്റെ അനുവാദമില്ലാതെ താലൂക്ക് ഉദ്യോഗസ്ഥര്‍ അളന്നിട്ടിരുന്ന അതിര്‍ത്തിക്കല്ല് ഉള്‍പ്പടെ പഞ്ചായത്ത് അധികൃതര്‍ ജെസിബി ഉപയോഗിച്ച് ഇടിച്ച് റോഡ് നിരപ്പിന് അനുയോജ്യമാക്കി മാറ്റുകയായിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും, ജില്ലാ പോലീസ് മേധാവിക്കും, മനുഷ്യാവകാശ കമ്മീഷനും, ഓംബുഡ്സ്മാനും രാധാകൃഷ്ണന് പരാതി നല്കി.
കഴിഞ്ഞ വര്‍ഷം ഓംബുഡ്സ്മാന് രാധാകൃഷ്ണനേയും സെക്രട്ടറിയേയും ഓണ്‍ലൈനില്‍ മീറ്റിംഗ് നടത്തി മൂന്നു മാസത്തിനുള്ളില്‍ റോഡ് അളന്ന് തിട്ടപ്പെടുത്താനും, രാധാകൃഷ്ണന്റെ മതിലിനോട് ചേര്‍ന്നുള്ള സ്ഥലം കൃത്യമായി നിര്‍ണ്ണയിക്കാനും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഇതിന്റെ കാലാവധി തീര്‍ന്നിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് രാധാകൃഷ്ണന് പറഞ്ഞു. ഇതേതുടര്‍ന്നാണ് രാധാകൃഷ്ണന് ഒറ്റയാള്‍ സമരവുമായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയത്. നടപടിയൊന്നും സ്വീകരിക്കാത്തപക്ഷം മരണം വരെ സമരം ചെയ്യാനാണ് 70-ാം വയസിലും രാധാകൃഷ്ണന്റെ തീരുമാനം.