ജൂലൈ മൂന്ന് പൊതു അവധി പ്രഖ്യാപിക്കണം: ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി
ഇരിങ്ങാലക്കുട: കേരള ക്രൈസ്തവര്‍ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മ ദിനമായ ജൂലൈ മൂന്നിനു പൊതു അവധി പ്രഖ്യാപിക്കുക, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി അഗംങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിനു അപേക്ഷ സമര്‍പ്പിച്ചു.
കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്മ്മദിനമായാ ജൂലൈ മൂന്നിനു കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റിവക്കണമെന്നും ഒപ്പം അന്നേ ദിവസം പൊതു അവധി പ്രഖ്യാപിക്കണമെന്നും മാത്രമല്ല ക്രൈസ്തവരുടെ പിന്നെക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജെബി കോശി കമ്മീഷന് അവരുടെ റിപ്പോര്‍ട്ട് സര്‍പ്പിച്ചു 13 മാസം കഴിഞ്ഞിട്ടും അതു പുറത്തു വിടാനോ അതിന്മേല് തുടര്‍ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാവാത്തത് തികച്ചും നിരാശജനകമാണെന്നും അതിനാല്‍ ജെബി കോശി കമ്മീഷന് ഉടന്‍ നടപ്പിലാക്കണമെന്നും സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങള്‍ സമിതി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, പ്രസിഡന്റ് അഡ്വ. ഇ.ടി. തോമസ്, ടെല്‍സന്‍ കോട്ടോളി, സെക്രട്ടറി സിജു തെക്കിനിയത്ത് എന്നിവര്‍ സമിതിക്കു വേണ്ടി അപേക്ഷ സര്‍പ്പിക്കാന്‍ സന്നിഹിതരായിരുന്നു.