വെള്ളപ്പൊക്കത്തെ അതിജീവിക്കാന് ചീപ്പുകള് സ്ഥാപിക്കണം- കോണ്ഗ്രസ്
കാറളം: പഞ്ചായത്തിലെ രണ്ടാംവാര്ഡില് ആലുക്കക്കടവ് പള്ളം പ്രദേശത്ത് മഴക്കാലത്തെ വെള്ളപ്പൊക്കഭീഷണി ഒഴിവാക്കാന് നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കരുവന്നൂര്പ്പുഴയില്നിന്ന് കാറളം ചെങ്ങാനിപ്പാടത്തെ കൃഷിയിടങ്ങളില് വെള്ളമെത്തിക്കുന്ന രണ്ടു കനാലുകള് കവിഞ്ഞാണ് പ്രദേശത്തെ വീടുകളില് വെള്ളം കയറിയതെന്ന് സമീപവാസികള് പറഞ്ഞു. ഇതുമൂലം പഞ്ചായത്തില് സാധാരണ വെള്ളം കയറാറുള്ള മേഖലകളെല്ലാം സുരക്ഷിതമായിരുന്നപ്പോഴും ഇവിടെ അമ്പതോളം കുടുംബങ്ങള്ക്ക് ദുരിതാശ്വാസ ക്യാമ്പുകളില് അഭയം തേടേണ്ടിവന്നു.
ഈ രണ്ട് കനാലുകളിലും വെള്ളം നിയന്ത്രിക്കാന് സംവിധാനമില്ലാത്തതാണ് വെള്ളം കയറാനിടയാക്കിയത്. കനാലില് ഒന്നില് ആദ്യകാലത്ത് ചീപ്പിട്ടിരുന്ന കോണ്ക്രീറ്റ് ഭാഗം ഇപ്പോഴുമുണ്ട്. തോട് വലുതായതോടെ ഇതില് ചീപ്പിട്ടതുകൊണ്ട് വെള്ളം തടയാനാകില്ലെന്നും രണ്ടിടത്തും പുതിയ സംവിധാനമൊരുക്കണമെന്നും നാട്ടുകാര് ആവശ്യപ്പെട്ടു. മഴക്കാലം കഴിഞ്ഞ് മാസങ്ങള് പിന്നിട്ടിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു നടപടികളും ഉണ്ടായിട്ടില്ല. അതിനാല് വെള്ളപ്പൊക്ക ഭീഷണി തടയാന് ഈ കനാലുകളില് ചീപ്പുകളോ ഷട്ടറുകളോ സ്ഥാപിക്കാന് അധികാരികള് തയ്യാറാകണമെന്ന് പ്രദേശവാസികള് ആവശ്യപ്പെട്ടു.
ചീപ്പുകള് കുറഞ്ഞ ചെലവില് സ്ഥാപിക്കാമെന്നിരിക്കെ പഞ്ചായത്ത് അതിനു ശ്രമിക്കാത്തത് പ്രതിഷേധാര്ഹമാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. മറ്റ് സ്ഥലങ്ങളിലെപ്പോലെ പുഴയില്നിന്ന് വെള്ളം കടക്കുന്ന സ്ഥലത്ത് ഷട്ടറുകള് സ്ഥാപിച്ചാല് പ്രശ്നത്തിന് പരിഹാരമാകും. ഇതിനുള്ള നടപടികള് പഞ്ചായത്ത് ഉടന് ആരംഭിക്കണമെന്നും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്സിസ് ആവശ്യപ്പെട്ടു. വാര്ഡ് കമ്മിറ്റി പ്രസിഡന്റ് പോള്സണ് വടക്കേത്തല, മുന് പഞ്ചായത്ത് മെമ്പര് കെ.ബി. ഷമീര്, വാര്ഡ് കമ്മിറ്റി ഭാരവാഹികളായ കെ.കെ. മുകുന്ദന്, പി.എ. ജലാല്, പി.എ. അബ്ദുള് സലാം, മോഹന്ദാസ് മുട്ടുംകാട്ടില് എന്നിവര് പങ്കെടുത്തു.