പൂതംകുളം-ക്രൈസ്റ്റ് കോളജ് ജംഗ്ഷന് റോഡ്, കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി നഗരത്തിലെ പൂതംകുളം ജംഗ്ഷന് മുതല്‍ ക്രൈസ്റ്റ് കോളജ് ജംഗ്ഷന് വരെയുള്ള ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിച്ചു. ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പൂതംകുളം ജംഗ്ഷന് വരെയുള്ള റോഡുഭാഗം നാളെ മുതല്‍ വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ ദേശീയപാതയിലെ പ്രവൃത്തികള്‍ക്കായാണ് റോഡ് അടച്ചിരുന്നത്. കെഎസ്ടിപിയുടെ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ റോഡിന്റെ ഭാഗം വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അടുത്ത ഘട്ടമായി ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ മാപ്രാണം വരെ പുരോഗമിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു.
നിലവിലെ ഗതാഗതനിയന്ത്രണത്തിന് തുടര്‍ന്ന് മാറ്റം വരും മന്ത്രി പറഞ്ഞു. റോഡിന്റെ പടിഞ്ഞാറേ വശത്തുകൂടി ശുദ്ധജല പൈപ്പുകള്‍ ഇട്ട് ഗാര്‍ഹിക കണക്ഷനുകള്‍ താല്‍ക്കാലികമായി പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരുവശത്ത് കൂടി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയാല്‍ കാന നിര്‍മാണവും റോഡിന്റെ വശങ്ങളില് ടൈല്‍ വിരിക്കുന്ന പ്രവൃത്തികളും ആരംഭിക്കും. മാപ്രാണം മുതല്‍ ക്രൈസ്റ്റ് കോളജ് ജംഗ്ഷന് വരെയുള്ള ഭാഗത്തും റോഡിന്റെ വശങ്ങളിലൂടെ ശുദ്ധജല പൈപ്പുകള്‍ ഇട്ട് ഗാര്‍ഹിക കണക്ഷനുകള്‍ താല്‍ക്കാലികമായി പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാകും മറ്റു പൈപ്പിടലും തുടര്‍ന്നുള്ള പ്രവൃത്തികളും ആരംഭിക്കുകയുള്ളൂ.