റോഡുപണി പൂര്‍ത്തീകരിച്ചു, ഒറ്റ മഴയില്‍ ടാര്‍ ഒലിച്ചു പോയി
കാറളം: കാറളം മുതല്‍ കരാഞ്ചിറ വരെയുള്ള നാലര കിലോമീറ്ററോളം വരുന്ന പൊതുമരാമത്ത് കിഫ്ബി റോഡ് തകര്‍ന്ന് കിടക്കുന്നത് പൊതുജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നാലര കിലോമീറ്ററില്‍ ഏറെ നീളമുള്ള ഈ റോഡിന്റെ അറ്റകുറ്റ പ്രവര്‍ത്തി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുവെങ്കിലും പിറ്റേദിവസത്തെ മഴയില്‍ തകരുകയായിരുന്നു. സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്ന് കിടന്നിരുന്ന റോഡായിട്ടും വളരെ കനം കുറഞ്ഞ രീതിയിലാണ് ടാറിംഗ് പ്രവര്‍ത്തി നടത്തിയത്. കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തിക്ക് ശേഷം തകര്‍ന്ന റോഡില്‍ ചരലുകള്‍ നിറഞ്ഞത് കാരണം ഇരുചക്ര വാഹന യാത്രികര്‍ തെന്നി വീഴുന്ന സാഹചര്യവും ഉണ്ട്.
അഴിമതി നടത്തിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കണം എഐവൈഎഫ്
പ്രവര്‍ത്തി കഴിഞ്ഞ് പിറ്റേദിവസം തന്നെ റോഡ് തകര്‍ന്നത് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള അഴിമതിയാണ് വ്യക്തമാക്കുന്നതെന്ന് എഐവൈഎഫ് ആരോപിച്ചു. തകര്‍ന്ന് റോഡിലെ കുഴിയില്‍ വീണ് അപകടപ്പെടുന്നവരുടെ എണ്ണത്തില്‍ നാള്‍ക്കു നാള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടിയെടുക്കണം എന്നും ഈ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ നടത്തി റോഡ് സഞ്ചാര യോഗ്യമാക്കണം എന്നും എഐവൈഎഫ് കാറളം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ എഐവൈഎഫ് കാറളം മേഖല കമ്മിറ്റി പൊതുമരാമത്ത് മന്ത്രിക്കും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്കും പരാതി നല്കി.