നഗരസഭ മൈതാനം ഉഴുതുമറിച്ചു; ഗോള്‍പോസ്റ്റും തകര്‍ന്നു.

അവാര്‍ഡ് നൈറ്റ് കഴിഞ്ഞതോടെ മൈതാനം തകര്‍ന്ന നിലയില്‍; കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താനാകാതെ ദുരിതം
ഇരിങ്ങാലക്കുട: കുട്ടികളുടെയും യുവാക്കളുടെയും കായിക സ്വപ്നങ്ങള്‍ക്ക് വേദിയാകേണ്ട നഗരസഭയുടെ പൊതുമൈതാനം പരിപാടിക്കുശേഷം തകര്‍ന്ന നിലയില്‍. മൈതാനത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭാരമേറിയ വാഹനങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഉഴുതുമറിച്ച നിലയിലായതോടൊപ്പം ഫുട്ബോള്‍ കളിക്കായി സ്ഥാപിച്ചിരുന്ന ഗോള്‍പോസ്റ്റും തകര്‍ന്ന നിലയിലാണ്. നഗരസഭ ഓഫീസിന് സമീപത്തുള്ള മൈതാനമാണ് ഇപ്പോള്‍ ഉപയോഗശൂന്യമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. ഞായറാഴ്ച നടന്ന അവാര്‍ഡ് നൈറ്റ് പരിപാടിക്കു ശേഷമാണ് മൈതാനത്തിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഭാരമേറിയ വാഹനങ്ങള്‍ മൈതാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശമുണ്ടായിരുന്നിട്ടും വാഹനങ്ങള്‍ മൈതാനത്തിനുള്ളിലേക്ക് കടത്തിവിട്ടതാണ് മൈതാനത്തിന്റെ ഉപരിതലം തകരാന്‍ കാരണമായതെന്നാണ് ആരോപണം. മഴയും വാഹനങ്ങളുടെ ഭാരവും ചേര്‍ന്നതോടെ മൈതാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണ് ഇളകി വലിയ കുഴികളും ചളിക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. കായികപരിശീലനത്തിനും ഫുട്ബോള്‍ മത്സരങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന മൈതാനം ഇപ്പോള്‍ കുട്ടികള്‍ക്ക് പോലും സുരക്ഷിതമായി ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. മൈതാനത്ത് സ്ഥാപിച്ചിരുന്ന ഫുട്ബോള്‍ ഗോള്‍പോസ്റ്റും തകര്‍ന്ന നിലയിലാണ്. പരിപാടിയുടെ ഭാഗമായി എത്തിയ ജെസിബി ഉപയോഗിച്ചാണ് ഗോള്‍പോസ്റ്റ് തകര്‍ത്തതെന്നാണ് കായികപ്രേമികള്‍ ആരോപിക്കുന്നത്. ഏറെക്കാലമായി കുട്ടികളും യുവാക്കളും പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന സൗകര്യമാണ് ഇതോടെ നഷ്ടമായത്.
‘കുട്ടികള്‍ ഇനി എവിടെ പരിശീലിക്കും?’
‘കുട്ടികള്‍ ഇനി എവിടെ പരിശീലിക്കും?’ എന്ന ചോദ്യമാണ് കായികതാരങ്ങളും രക്ഷിതാക്കളും ഉയര്‍ത്തുന്നത്. കളിക്കാനും പരിശീലിക്കാനും പൊതുസ്ഥലങ്ങള്‍ തന്നെ ആശ്രയിക്കുന്ന നിരവധി കുട്ടികളുള്ള നഗരത്തില്‍ ലഭ്യമായ മൈതാനങ്ങള്‍ സംരക്ഷിക്കേണ്ടതിന് പകരം പരിപാടികളുടെ പേരില്‍ തകര്‍ക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കായികപ്രേമികളുടെ നിലപാട്. കായികരംഗത്ത് വളര്‍ന്നുവരുന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ഥിരമായ പരിശീലനത്തിന് സുരക്ഷിതമായ മൈതാനം അനിവാര്യമാണ്. ഫുട്ബോള്‍, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ പതിവായി ഉപയോഗിക്കുന്ന മൈതാനം തകര്‍ന്നതോടെ പരിശീലനം മുടങ്ങുന്ന സാഹചര്യമാണുള്ളത്.
പൊതുമൈതാനങ്ങള്‍ കുട്ടികളുടെ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും വലിയ പങ്കുവഹിക്കുന്ന സാഹചര്യത്തില്‍ നഗരസഭയുടെ കീഴിലുള്ള മൈതാനം ഇത്തരത്തില്‍ സംരക്ഷണമില്ലാതെ നശിക്കുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അധികൃതര്‍ കണ്ടില്ലെന്ന് നടിക്കരുത്.
നഗരസഭ ഓഫീസിന് തൊട്ടുമുന്നിലുള്ള മൈതാനം അലങ്കോലമായിട്ടും അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മൈതാനത്തിന്റെ നിലവിലെ സ്ഥിതി നഗരസഭ അധികൃതര്‍ നേരിട്ട് പരിശോധിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തണമെന്നും കുറ്റക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി മൈതാനം പൂര്‍വസ്ഥിതിയിലാക്കണമെന്നുമാണ് നാട്ടുകാരുടെയും കായികപ്രേമികളുടെയും ആവശ്യം. മൈതാനത്തെ മണ്ണും ചളിയും നീക്കി നിരപ്പാക്കി, തകര്‍ന്ന ഗോള്‍പോസ്റ്റ് പുനഃസ്ഥാപിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയില്‍ മൈതാനം അടിയന്തരമായി നവീകരിക്കണമെന്നാണ് ആവശ്യം. പരിപാടികള്‍ നടത്തുന്നതിനുള്ള വേദി മാത്രമല്ല, നഗരത്തിലെ കുട്ടികളുടെ കായികസ്വപ്നങ്ങള്‍ക്ക് ആശ്രയമായ പൊതുമൈതാനം കൂടിയാണ് ഇതെന്നത് അധികൃതര്‍ മറക്കരുതെന്നാണ് കായികപ്രേമികളുടെ അഭിപ്രായം. മൈതാനം സംരക്ഷിക്കുന്നതിനും ഭാവിയില്‍ ഇത്തരം നാശനഷ്ടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
മൂന്നു മാസം, ഡിഇഒയില്ല! നാഥനില്ലാതെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല