പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
പടിയൂര്‍ പോത്താനി പാടശേഖരത്തില്‍ കാട്ടുപന്നികള്‍ നെല്‍കൃഷി നശിപ്പിച്ച നിലയില്‍.
നടീല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം കൃഷിനാശം; ആശങ്കയില്‍ കര്‍ഷകര്‍

ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ പോത്താനി പാടശേഖരത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടമിറങ്ങി നെല്‍കൃഷി വ്യാപകമായി നശിപ്പിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലായി. നെല്നടീല് കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിട്ട പാടങ്ങളിലാണ് കാട്ടുപന്നികള്‍ കയറി കൃഷി കുത്തിയിളക്കി നശിപ്പിച്ചത്. കുഞ്ഞിക്കാട്ടില്‍ മണി, കാരയില്‍ സലീഷ്, തെക്കോട്ടു വലൂപറമ്പില്‍ സുബ്രഹ്മണ്യന് എന്നിവരുടെ പാടങ്ങളിലാണ് കൃഷിനാശമുണ്ടായത്. കൃഷിയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങി നെല്‍ച്ചെടികള്‍ നശിപ്പിച്ചത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഏറെ അധ്വാനവും പണച്ചെലവും സഹിച്ച് നിലമൊരുക്കി നെല്നടീല് പൂര്‍ത്തിയാക്കിയതിന് പിന്നാലെയുണ്ടായ കൃഷിനാശം കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
നെല്‍കൃഷി മാത്രമല്ല, വയല്‍വരമ്പുകളും കാട്ടുപന്നികള്‍ കുത്തിയിളക്കി നശിപ്പിക്കുന്നുണ്ട്. ഇതുമൂലം കൃഷിയിടങ്ങളുടെ സംരക്ഷണത്തിനും അധിക ചെലവ് വേണ്ടിവരുന്ന സാഹചര്യമാണുള്ളത്. പാടശേഖരത്തോട് ചേര്‍ന്നുള്ള രണ്ട് പറമ്പുകള്‍ കാടുപിടിച്ചു കിടക്കുന്നതാണ് കാട്ടുപന്നികളുടെ പ്രധാന താവളമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാടുപിടിച്ച പറമ്പുകളില്‍നിന്ന് രാത്രികാലങ്ങളില്‍ പാടങ്ങളിലേക്കിറങ്ങുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചശേഷം തിരിച്ചുപോകുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം ആവര്‍ത്തിക്കുന്നത് നെല്‍കൃഷിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കൃഷിനാശം ആവര്‍ത്തിച്ചാല്‍ വരുംദിവസങ്ങളിലും വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കാടുപിടിച്ചുകിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുന്നതിനും കാട്ടുപന്നികള്‍ പാടശേഖരങ്ങളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനും അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നെല്‍കൃഷി സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണുന്നതിനും ബന്ധപ്പെട്ട കൃഷിവകുപ്പ്, പഞ്ചായത്ത്, വനംവകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ