ശ്രദ്ധ നേടി രഞ്ജിത്ത് മാധവന്റെ ചിത്രപരമ്പര; പുഴകളുടെ മുഖഭാവങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കായി പിന്നിട്ടത് പതിനെട്ട് സംസ്ഥാനങ്ങള്‍

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടത്തിയ ചിത്രപരമ്പരയില്‍ ചിത്രകാരനായ രഞ്ജിത്ത് മാധവനെ അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: പതിനെട്ട് സംസ്ഥാനങ്ങള്‍ ഇരുപത് നദികള്‍. മൂന്ന് വര്‍ഷം നീണ്ട യാത്രകള്‍. പിറന്ന് വീണത് പുഴയുടെ മനുഷ്യ ഭാവങ്ങള്‍ ആവിഷ്ക്കരിച്ച അപൂര്‍വമായ ചിത്രപരമ്പര. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വനം വകുപ്പ്, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ ഭാഗമായി ഒരുക്കിയ ട്രാന്‍സിയന്‍സ് എന്ന പേരിലുള്ള ചിത്രപരമ്പരയിലേതാണ് അപൂര്‍വകാഴ്ചകള്‍. തൃശൂര്‍ ചാലക്കുടി സ്വദേശിയായ രഞ്ജിത്ത് മാധവനാണ് ജലരാശിയില്‍ ഇളകി മറയുന്ന നിഴലിന്റെ നിറഭേദങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ഗംഗ, ബ്രഹ്മപുത്ര, യമുന, നര്‍മ്മദ, അളകനന്ദ, ഭാഗീരഥി, കൃഷ്ണ, കാവേരി, കമ്പനി, പെരിയാര്‍, മയ്യഴി തുടങ്ങിയ നദീ തീരങ്ങളിലൂടെയുള്ള നീണ്ട യാത്രകള്‍ ഒടുങ്ങാത്ത വിസ്മയമാണ് സമ്മാനിച്ചതെന്ന് പ്രാദേശിക പത്രപ്രവര്‍ത്തകനായും യാത്രികനുമായുമൊക്കെ നിറഞ്ഞ് നിന്ന രഞ്ജിത്ത് മാധവന് പറയുന്നു. ഡല്‍ഹി, മുബൈ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങള്‍ക്ക് ശേഷമുള്ള അഞ്ചാമത്തെ പ്രദര്‍ശനമാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലേത്. ചിത്രങ്ങളും വിവരണങ്ങളുമായുള്ള കോഫി ടേബിള്‍ ബുക്ക് ഇറക്കാനുള്ള ശ്രമത്തിലാണ് രഞ്ജിത്ത് ഇപ്പോള്‍. ചാലക്കുടി വിആര്‍ പുരം പള്ളത്ത് വീട്ടില്‍ പരേതനായ മാധവന്റെയും ശ്രീദേവിയുടെയും മകനാണ്. കോളജ് റിസര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ ചിത്രകാരി കവിത ബാലകൃഷ്ണന് ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.