കുടിവെള്ളപദ്ധതിയുടെ പൈപ്പിടല്; ചെളിയില് മുങ്ങി റോഡുകള്
ഇരിങ്ങാലക്കുട: നഗരസഭാ പരിധിയില് കുടിവെള്ള പൈപ്പ്ലൈന് ഇടുന്നതിനായി കുഴിയെടുത്തത് വാഹനയാത്രക്കാര്ക്ക് തലവേദനയാകുന്നു. അമൃത് രണ്ട് പദ്ധതിയുടെ ഭാഗമായി 13.5 കോടി ചെലവഴിച്ച് വാട്ടര് അഥോറിറ്റി നടപ്പാക്കുന്ന കുടിവെള്ളപദ്ധതിയുടെ ഭാഗമായിട്ടാണ് വിവിധ ഡിവിഷനുകളില് കണക്ഷനുകള്ക്കായി റോഡ് പൊളിച്ച് പൈപ്പിടുന്നത്. പല സ്ഥലത്തും പൈപ്പിടല് പൂര്ത്തിയായെങ്കിലും ബാക്കി സ്ഥലങ്ങളില് പ്രവൃത്തികള് പുരോഗമിക്കുകയാണ്. ഇതിനിടയില് വേനല്മഴ ശക്തമായതോടെ പൈപ്പിട്ട ഭാഗത്തെ മണ്ണെല്ലാം താഴേക്കിരുന്ന് റോഡുകളെല്ലാം ചെളിയില് മുങ്ങി.
പലയിടത്തും വാഹനങ്ങള് താഴുകയും റോഡ് തകരുകയുമാണ്. റോഡ് കവിഞ്ഞ് വെള്ളമൊഴുകുന്നതിനാല് കുഴിയെടുത്ത ഭാഗം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഇതാണ് കൂടുതല് അപകടഭീഷണി ഉയര്ത്തുന്നത്. ബസ് സ്റ്റാന്ഡില്നിന്ന് ഇരിങ്ങാലക്കുട മൂന്നുപീടിക റോഡിലേക്ക് കയറാന് ഏറ്റവും കൂടുതല് വാഹനങ്ങള് ആശ്രയിക്കുന്ന പേഷ്കാര് റോഡില് പലയിടത്തും വണ്ടി താഴുന്നത് പതിവാണ്. അപകടഭീഷണി ഒഴിവാക്കാന് വാഹനങ്ങള് താഴ്ന്ന് കുഴിയായ ഭാഗങ്ങളില് സമീപവാസികള് മരക്കൊമ്പുകളും മറ്റും സ്ഥാപിച്ചിരിക്കുകയാണ്. റോഡിലെ കുഴികളില് വാഹനങ്ങള് കുടുങ്ങുന്നതും അപകടത്തില്പ്പെടുന്നതും ഒഴിവാക്കാന് നഗരസഭ അടിയന്തരമായി ഇടപെടണമെന്നും റോഡുകളില് കരിങ്കല്പ്പൊടി അടിച്ച് കുഴികള് മൂടി വാഹനങ്ങള്ക്കും കാല്നടയാത്രക്കാര്ക്കുമുള്ള അപകടഭീഷണി ഒഴിവാക്കണമെന്നും നാട്ടുകാര് ആവശ്യപ്പെട്ടു.
എന്നാല് അമൃത് പദ്ധതിക്കായി നഗരസഭയിലെ റോഡുകള് വാട്ടര് അഥോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്. പൈപ്പിട്ട് കുഴിയടച്ച്, പൊളിച്ച ഭാഗം കോണ്ക്രീറ്റ് ചെയ്ത് നഗരസഭയ്ക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല് പലയിടത്തും പ്രവൃത്തികള് പുരോഗമിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില് തകര്ന്നുകിടക്കുന്ന സ്ഥലങ്ങളില് ക്വാറി വേസ്റ്റിട്ട് താത്കാലികമായി പ്രതിസന്ധി പരിഹരിക്കുകയും മഴ മാറിയതിനുശേഷം കോണ്ക്രീറ്റിംഗ് നടത്താനുമാണ് നീക്കം. ഇരിങ്ങാലക്കുട പേഷ്കാര് റോഡിലും മുനിസിപ്പല് ഒഫീസിനു സമീപത്തെ റോഡിലും ചാലാംപ്പാടം, ഗാന്ധിഗ്രാം എന്നിവടങ്ങളിലെ റോഡുകള്ക്കും ഇതുതന്നെയാണ് അവസ്ഥ.