തിരുശേഷിപ്പ് പ്രയാണം: ഭാരതത്തിലെ വിശുദ്ധരോടൊത്ത് ജീവിതങ്ങളെ വിശുദ്ധമാക്കാന്‍ ഒരു ഉണര്‍ത്തുപാട്ട്
ഇരിങ്ങാലക്കുട: കുടുംബങ്ങള്‍ക്കും യുവതീ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി മാറ്റിവെയ്ക്കപ്പെട്ടിട്ടുള്ള ഈ വര്‍ഷം സിഎംഐ ദേവമാത തൃശൂര്‍ പ്രവിശ്യയുടെ അജപാലനവകുപ്പും അഴിക്കോട് മാര്‍ത്തോമ പൊന്തിഫിക്കല്‍ തീര്‍ത്ഥകേന്ദ്രവും ചേര്‍ന്ന് ഭാരതത്തിലെ വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി കേരളത്തിലെ വിവിധ രൂപതകളിലെ ദേവാലയങ്ങളിലേക്കും ആദ്ധ്യാത്മിക കേന്ദ്രങ്ങളിലേക്കും പ്രയാണം എന്ന പേരില്‍ ഒരു ആത്മീയ യാത്ര ഒരുക്കുകയാണ് . ഈ പ്രയാണത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും തിരുശേഷിപ്പ് വെഞ്ചിരിപ്പും പ്രയാണ യാത്രാവാഹനത്തിന്റെ വെഞ്ചിരിപ്പു കര്‍മ്മവും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട രൂപതാ മാര്‍ത്തോമാശ്ലീഹായുടെ ഭാരത പ്രവേശന പദയാത്രാ ദിനത്തില്‍ കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദേവാലയാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.
ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ത്തോമാശ്ലീഹായില്‍ നിന്ന് ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ വന്ന് ആ വിശ്വാസം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ച വി. ഫ്രാന്‍സിസ് സേവ്യറിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെ ഉള്‍കാഴ്ച സ്വീകരിക്കുകയും പിന്നീട് വിശുദ്ധിയുടെ ജീവിതങ്ങളായി തങ്ങളുടെ ജീവിതങ്ങളെ ക്രിസ്തീയവിശ്വാസത്തിന്റെ പ്രഘോഷകരാക്കി മാറ്റിയ വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടെയും വിശുദ്ധ മദര്‍ തെരേസയുടെയും വിശുദ്ധ മറിയം ത്രേസ്യയുടെയും വിശുദ്ധ ദേവസഹായത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും വാഴ്ത്തപ്പെട്ട റാണി മരിയയുടെയും തിരുശേഷിപ്പുകള്‍ വഹിച്ചുകൊണ്ടുള്ള പ്രയാണം ഇരിങ്ങാലക്കുട രൂപതയുടെ വിവിധ ഫെറോനകളിലേക്കും മറ്റു ഇടവകകളിലേക്കും വിവിധ രൂപതകളിലേക്കും സ്ഥാപനങ്ങളിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും ഈ വിശുദ്ധരോടൊന്നിച്ച്, വിശുദ്ധി കാത്ത്, ക്രിസ്തീയ സാക്ഷ്യങ്ങളിലൂടെ ദൈവജനത്തെ പ്രബുദ്ധരാക്കാനും യേശുവിന് വേണ്ടി ധീരമായുള്ള വിശ്വാസജീവിതത്തെ ആഴപ്പെടുത്തുവാനും ഈ ആത്മീയ ഉണര്‍ത്തുയാത്ര സഹായകമാകുംവിധമാണ് പ്രയാണം 2024-25 ക്രമീകരിച്ചിട്ടുള്ളത്.
ഈ പ്രയാണം എന്ന വിശ്വാസയജ്ഞം കേരളത്തിലെ വിവിധ ദേവാലങ്ങളിലേക്ക് എത്തുമ്പോള്‍ മാര്‍ത്തോമാശ്ലീഹായില്‍ നിന്നും സ്വീകരിച്ച ക്രിസ്തു വിശ്വാസം വിവിധ ജീവിത സാഹചര്യങ്ങളില്‍ തങ്ങളുടെ വിശ്വാസജീവിതത്തിടെ വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട ഈ ഭാരത വിശുദ്ധരുടെ ചൈതന്യം സ്വീകരിച്ച് വിശുദ്ധരാകണമെന്ന ക്രിസ്തീയജീവിതത്തിന്റെ ആഹ്വാനം ക്രിസ്തീയ സമൂഹങ്ങളും വ്യക്തികളും ഏറ്റെടുത്ത് ജീവിക്കുവാന്‍ സഹായകമാകും എന്ന പ്രതീക്ഷയോടെയാണ് വിശുദ്ധരോടൊത്ത് ജീവിതങ്ങളെ വിശുദ്ധമാക്കാന്‍ ഒരു ഉണര്‍ത്തുപാട്ടായി ഈ പ്രയാണം തുടങ്ങുന്നത്.