കാടുകയറി കരുവന്നൂര് പഴയ ബംഗ്ലാവ് സംരക്ഷണമില്ലാതെ നശിക്കുന്നു
ഫോട്ടോ ക്യാപ്ഷന്() ബ്രിട്ടീഷുകാര് നിര്മിച്ച കരുവന്നൂരിലെ പഴയ ബംഗ്ലാവ് കാടുകയറി നശിക്കുന്ന നിലയില്

ബ്രിട്ടീഷുകാര് നിര്മിച്ച പൈതൃകകെട്ടിടം ചരിത്രസ്മാരകമാക്കണം
കരുവന്നൂര്: ചരിത്രത്തിന്റെ ശേഷിപ്പായി ഇന്നും നിലകൊള്ളുന്ന കരുവന്നൂരിലെ പഴയ ബംഗ്ലാവ് കാടുകയറി നാശത്തിന്റെ വക്കില്. ബ്രിട്ടീഷ് ഭരണകാലത്ത് കരുവന്നൂര് പ്രദേശത്ത് കരം പിരിക്കുന്നതിനായി എത്തിയിരുന്ന ഉദ്യോഗസ്ഥര്ക്ക് താമസിക്കാനായി നിര്മിച്ച കെട്ടിടമാണ് ഇന്ന് സംരക്ഷണമില്ലാതെ ജീര്ണിക്കുന്നത്. ബംഗ്ലാവ് സ്റ്റോപ്പിന് കിഴക്കുഭാഗത്തുള്ള ഈ പൈതൃകകെട്ടിടം ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
നിര്മാണവൈദഗ്ധ്യത്തിലും വാസ്തുശൈലിയിലും ഏറെ ശ്രദ്ധേയമായ കെട്ടിടമാണിത്. കടുത്ത വേനലിലും അകത്ത് ചൂട് അനുഭവപ്പെടാത്ത തരത്തിലാണ് മേല്ക്കൂരയുടെ നിര്മാണം. അക്കാലത്തെ നിര്മാണരീതിയുടെയും വാസ്തുവിദ്യയുടെയും പ്രത്യേകതകള് വ്യക്തമാക്കുന്ന കെട്ടിടം കൂടിയാണിത്. എന്നാല് കാലാനുസൃതമായി അറ്റകുറ്റപ്പണികളും സംരക്ഷണപ്രവര്ത്തനങ്ങളും നടത്താതായതോടെ കെട്ടിടം ഇപ്പോള് ഏറെ ശോചനീയാവസ്ഥയിലാണ്. മേല്ക്കൂരയിലെ നിരവധി ഓടുകള് തകര്ന്നിട്ടുണ്ട്. മഴ പെയ്താല് കെട്ടിടത്തിനകത്തും പുറത്തും വെള്ളം ചോര്ന്നൊലിക്കുന്ന സ്ഥിതിയാണ്.
മേല്ക്കൂരയിലേക്കും ചുമരുകളിലേക്കും വെള്ളം കെട്ടിനില്ക്കുകയും ഒലിച്ചിറങ്ങുകയും ചെയ്യുന്നതിനാല് കെട്ടിടത്തിന്റെ ഘടനയ്ക്കുതന്നെ കേടുപാടുകള് സംഭവിച്ചുതുടങ്ങി. കെട്ടിടത്തിന് ചുറ്റും കാടുപിടിച്ചതോടെ ഇഴജന്തുക്കളുടെയും മറ്റും ഭീഷണിയും നിലനില്ക്കുന്നുണ്ട്. നേരത്തെ പൊറത്തിശേരി വില്ലേജ് ഓഫീസ് പ്രവര്ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. അന്നുതന്നെ കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള് നടത്തി സംരക്ഷിക്കണമെന്ന ആവശ്യം ഉയര്ന്നിരുന്നു. പിന്നീട് റീബില്ഡ് കേരള പദ്ധതിയില് ഉള്പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ച് ബംഗ്ലാവിന് മുന്നിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ സ്മാര്ട്ട് വില്ലേജ് ഓഫീസ് നിര്മിച്ചു.
2022 ഓഗസ്റ്റില് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവര്ത്തനം മാറ്റിയതോടെയാണ് പഴയ ബംഗ്ലാവ് പൂര്ണമായും ഉപയോഗശൂന്യമായത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവേളയില് ബ്രിട്ടീഷുകാര് നിര്മിച്ച പഴയ ബംഗ്ലാവ് ചരിത്രസ്മാരകമെന്ന നിലയില് സംരക്ഷിച്ച് നിലനിര്ത്തുമെന്ന് അധികൃതര് അറിയിച്ചിരുന്നു. എന്നാല് നാല് വര്ഷം പിന്നിട്ടിട്ടും പ്രഖ്യാപനം പ്രാവര്ത്തികമായില്ല. സംരക്ഷണവും അറ്റകുറ്റപ്പണിയും ലഭിക്കാതെ കെട്ടിടം കൂടുതല് ജീര്ണാവസ്ഥയിലേക്ക് നീങ്ങുകയാണ്.
ചരിത്രപ്രാധാന്യമുള്ള കെട്ടിടം ഇത്തരത്തില് നശിച്ചുപോകുന്നത് പ്രദേശത്തിന്റെ പൈതൃകസ്മരണകള് തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയും നാട്ടുകാര്ക്കുണ്ട്. കെട്ടിടത്തിന്റെ ചരിത്രവും നിര്മാണ സവിശേഷതകളും പരിഗണിച്ച് അടിയന്തരമായി സംരക്ഷണ നടപടികള് സ്വീകരിക്കണമെന്നും പൈതൃകകെട്ടിടമെന്ന നിലയില് കെട്ടിടം നവീകരിച്ച് പൊതുജനങ്ങള്ക്ക് പ്രയോജനപ്പെടുന്ന രീതിയില് നിലനിര്ത്തണമെന്നും നാട്ടുകാര് ആവശ്യപ്പെടുന്നു.
ബംഗ്ലാവ് ചരിത്രസ്മാരകമായി സംരക്ഷിക്കുന്നതിനായി ആര്ക്കിയോളജി വിഭാഗം കെട്ടിടം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് അധികൃതര് തഹസില്ദാര് മുഖേന കത്ത് നല്കിയിട്ടുണ്ട്. തുടര്നടപടികള് വേഗത്തിലാക്കി കെട്ടിടത്തെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
സ്ലാബുകള് ഒന്നിനു പിന്നാലെ തകരുന്നു; ഠാണ ബസ് സ്റ്റാന്ഡ് റോഡില് അപകടക്കെണി
രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്