ക്രൈസ്റ്റ് കോളജ് ജംഗ്ഷന് റോഡ് തകര്‍ന്ന നിലയില്‍; മഴ പെയ്താല്‍ വെള്ളക്കെട്ട് രൂക്ഷം, യാത്രക്കാരും വ്യാപാരികളും ദുരിതത്തില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലെ തകര്‍ന്ന റോഡ്.

ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രമായ ക്രൈസ്റ്റ് കോളജ് ജംഗ്ഷന് റോഡ് തകര്‍ന്ന നിലയില്‍. റോഡിന്റെ ഉപരിതലത്തിലെ മെറ്റലുകള്‍ ഇളകി തെറിച്ചുപോയതോടെ പല ഭാഗങ്ങളും കുഴികളും കല്ലുകളും നിറഞ്ഞ നിലയിലാണ്. മഴ കൂടി പെയ്യുന്നതോടെ റോഡിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. മാപ്രാണം ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ ഇളകിയ മെറ്റലുകളും കല്ലുകളും തെറിക്കുന്ന സാഹചര്യമാണ്. ഇരുചക്രവാഹന യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കുഴിയുടെ ആഴം തിരിച്ചറിയാനും കഴിയാത്ത അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് ഗതാഗതത്തിന് വലിയ തടസമാകുകയാണ്.
വെള്ളം കെട്ടിനില്ക്കുന്നതിനൊപ്പം റോഡിന്റെ തകര്‍ച്ചയും രൂക്ഷമായതോടെ കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതത്തിലാകുന്നു. ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതന്‍, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ദിവസേന വലിയ തോതില്‍ ആളുകള്‍ എത്തുന്ന മേഖലയാണിത്. അതിനാല്‍ റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ ഗതാഗതസുരക്ഷയെയും നഗരത്തിലെ ദൈനംദിന യാത്രയെയും നേരിട്ട് ബാധിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡിലെ കുഴികളില്‍ മെറ്റല്‍ നിറച്ച് താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ശാസ്ത്രീയമായ രീതിയില്‍ പുനര്‍നിര്‍മാണം നടത്തണമെന്നാണ് ആവശ്യം.
മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിന് പരിഹാരമായി ശരിയായ ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കുകയും റോഡിന്റെ ഉപരിതലം പുനര്‍നിര്‍മിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ഓരോ മഴയ്ക്കും റോഡിന്റെ തകര്‍ച്ച കൂടുതല്‍ രൂക്ഷമാകുകയും അറ്റകുറ്റപ്പണികള്‍ ആവര്ത്തിക്കേണ്ടിവരികയും ചെയ്യും. ഇളകിയ മെറ്റലുകളും കുഴികളും വെള്ളക്കെട്ടും ഒരുമിച്ചെത്തിയതോടെ ക്രൈസ്റ്റ് കോളജ് ജംഗ്ഷന് റോഡ് അപകടസാധ്യത നിറഞ്ഞ നിലയിലാണെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിലും ശക്തമായ മഴയിലും റോഡിലെ കുഴികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. റോഡിന്റെ നിലവിലെ അവസ്ഥ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
ക്രൈസ്റ്റ് കോളജ് റോഡിന്റെ ശോചനീയാവസ്ഥ: അധികാരികള്‍ കണ്ണുതുറക്കണം (സി.സി. ഷിബിന്‍ നഗരസഭ കൗണ്‍സിലര്‍)
ഇരിങ്ങാലക്കുടയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ക്രൈസ്റ്റ് കോളജ് റോഡിന്റെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. ദിവസേന നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും സഞ്ചരിക്കുന്ന ഈ റോഡ് ഇത്രയും കാലം അവഗണിക്കപ്പെട്ടത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. വിദ്യാര്‍ഥികളുടെ സുരക്ഷയും പൊതുജനങ്ങളുടെ യാത്രാസൗകര്യവും നഗരത്തിന്റെ അടിസ്ഥാന വികസനവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കുഴികളും പൊടിയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും യാത്രക്കാരുടെ ദുരിതവും മാത്രമാണ് കാണാന്‍ കഴിയുന്നത്.

പ്രത്യേകിച്ച് വിദ്യാര്‍ഥികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രാവിലെ കോളജിലേക്ക് പോകുന്ന സമയത്തും വൈകുന്നേരം തിരികെ വരുന്ന സമയത്തും റോഡിലെ ഗതാഗതക്കുരുക്കും മോശം റോഡ് സാഹചര്യവും വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഒരു വിദ്യാര്‍ഥി സമയത്ത് ക്ലാസിലെത്തുമോ എന്നതുപോലും ഉറപ്പില്ലാത്ത അവസ്ഥ ഉണ്ടാകുന്നത് വികസനത്തിന്റെ ലക്ഷണമല്ല. ഇരുചക്രവാഹന യാത്രക്കാര്‍ക്കും സ്ഥിതി അതീവ ബുദ്ധിമുട്ടാണ്. റോഡിലെ കുഴികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുന്നു. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്ക്കുമ്പോള് കുഴിയുടെ ആഴം പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ്. പരാതി വന്നാല്‍ പരിശോധിക്കാം, പിന്നീട് നോക്കാം എന്ന രീതിയിലുള്ള സമീപനം ഇനി മതിയാകില്ല. ജനങ്ങള്‍ നികുതി അടയ്ക്കുന്നത് റോഡില്‍ സുരക്ഷിതമായി സഞ്ചരിക്കാനാണ്. നഗരസഭയിലെ തകര്‍ന്നു കിടക്കുന്ന മുഴുവന്‍ റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ശരിയാക്കേണ്ടതുണ്ട്.
മനുഷ്യജീവനു വിലയില്ലെന്നതിതിന്റെ തെളിവാണ് ഈ അനാസ്ഥ
തോംസണ്‍ ചിരിയങ്കണ്ടത്ത് (ക്രൈസ്റ്റ് കോളജ് മുന്‍ യൂണിയന് ചെയര്മാന്, ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി)

ഇരിങ്ങാലക്കുട: രണ്ടു വര്‍ഷമായി തകര്‍ന്നു കിടക്കുന്ന ഈ റോഡ് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഫയര്‍ സ്റ്റേഷനില്‍ നിന്ന് എപ്പോഴും ഫയര്‍ എന്‍ജിനുകള്‍ കടന്നുവരുന്ന ഈ വഴി ഇത്ര ദുര്ഘടമായിരിക്കുന്നത് ജീവന് എന്തുമാത്രം വിലകല്‍പ്പിക്കുന്നു എന്നതിന് തെളിവാണ്. നിരവധി അപകടങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് ഈ റോഡ്. റോഡിലെ കുഴികള്‍ നികത്താതെ ആ കുഴികളില്‍ ഇടക്കിടെ ക്വാറി വേസ്റ്റ് ഇടുന്നത് റോഡുകള്‍ കൂടുതല്‍ ഇടിയുന്നതിനും ക്വാറി വേസ്റ്റിലെ കല്ലുകള്‍ തെറിച്ചു പോകുന്നതിനും ഇതുമൂലം റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്. വേനല്‍ക്കാലത്ത് ടാര്‍ ചെയ്യാതെ കാലവര്‍ഷമാകുമ്പോള്‍ വലിയ തുകയ്ക്ക് കരാറുകാര്‍ക്ക് കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിക്കുന്നതിന് അവസരം ഒരുക്കുകയും ജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം കൂടി ഹനിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു