റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന: സൂചനാ സത്യാഗ്രഹം നടത്തി

റെയില്‍വേ സ്റ്റേഷന് വികസനസമിതി നടത്തിയ സമര വിളംബര പൊതുസമ്മേളനം മുന്‍ ചീഫ് വിപ്പ് അഡ്വ. ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
സമരമുഖത്ത് വിഭാഗീയതകള്‍ ഉണ്ടാക്കി തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട, വികസനം മാത്രമാണ് ലക്ഷ്യം- അഡ്വ. തോമസ് ഉണ്ണിയാടന്
അനുകൂല മറുപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഒരാള്‍ ഒരു പകല്‍ സത്യാഗ്രഹം എന്ന പേരില്‍ അനിശ്ചിതകാല സമരം ആരംഭിക്കും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ റെയില്‍വേ സ്റ്റേഷന് വികസനസമിതിയും സമാന സംഘടനകളും നല്കിയ നിവേദനങ്ങളും സമര പരിപാടികളും മറ്റും അവഗണിക്കപ്പെട്ട സാഹചര്യത്തില്‍ സമിതിയുടെ നേതൃത്വത്തില്‍ ഏകദിന സമര സൂചനാ സത്യാഗ്രഹം സംഘടിപ്പിച്ചു.
റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഒരുക്കിയ പി.എം. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ സമര സ്മൃതിമണ്ഡപത്തിലാണ് സൂചനാ സത്യാഗ്രഹം സംഘടിപ്പിച്ചത്.
സമര വിളംബര റാലിയും പൊതുസമ്മേളനവും നടന്നു. ആദിശങ്കര അഘാഡ സന്യാസ സഭ പ്രതിനിധി സ്വാമി രാമപ്രസാദാനന്ദ സരസ്വതി സമര വിളംബര റാലി ഉദ്ഘാടനം ചെയ്തു. കെപിഎംഎസ്, കേരള സിറ്റിസണ്‍ ഫോറം, ആദിശങ്കര അദ്വൈത അഘാഡ, സ്വദേശി ജാഗരണ്‍ മഞ്ച്, പൗരമുന്നേറ്റം, കര്‍ഷക മുന്നേറ്റം, തീവണ്ടിയാത്രാ കൂട്ടായ്മ തുടങ്ങി നിരവധി സംഘടനകള്‍ സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തി. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് സമരവിളംബര പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
റെയില്‍വേ സ്റ്റേഷന് വികസന സമിതിയുടെ നേതൃത്വത്തില്‍ കല്ലേറ്റുംകരയില്‍ നടക്കുന്ന സമരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായുള്ള സമരമായോ രാഷ്ട്രീയപ്രേരിത സമരമായോ സമാന സ്വഭാവമുള്ള സംഘടനകള്‍ക്ക് എതിരായ സമരമായോ ആരും ആരെയും തെറ്റിദ്ധരിപ്പിക്കരുതെന്നും സമരമുഖത്ത് വിഭാഗീയതകള്‍ ഉണ്ടാക്കി തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ഇരിങ്ങാലക്കുട മുന്‍ നിയമസഭ അംഗവും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടന് അഭിപ്രായപ്പെട്ടു.
മധ്യകേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ഇരിങ്ങാലക്കുടയെ നിരന്തരം അവഗണിക്കുന്ന റെയില്‍വേ അധികൃതരുടെ ഗൂഢപദ്ധതികളെ എതിര്‍ത്തു തോല്‍പ്പിക്കുകയും അത്തരം കാര്യങ്ങള്‍ ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം തേടുകയുമാണ് ജനകീയ സമരങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. സിപിഐ (എംഎല്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന് മുഖ്യപ്ഭാഷണം നടത്തി.
മുഖ്യ സംഘാടകന്‍ വര്‍ഗ്ഗീസ് തൊടുപറമ്പില്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി ഇടവേളകളില്ലാത്ത ജനകീയ പ്രതിഷേധങ്ങള്‍ തുടങ്ങുമെന്ന് തന്റെ അറിയിച്ചു. കല്ലേറ്റുംകര സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് സമരാഗ്നിയെ സാക്ഷിയാക്കി സമര പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി. കൈകളില്‍ തീപ്പന്തങ്ങളേന്തിയാണ് സമര പ്രവര്‍ത്തകരും അതിഥികളും സമര പ്രതിജ്ഞ നടത്തിയത്. ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പോള്‍ കോക്കാട്ട് സമര സന്ദേശം നല്കി. 10 ദിവസത്തിനുള്ളില്‍ അധികൃതരില്‍ നിന്നും അനുകൂല മറുപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഒരാള്‍ ഒരു പകല്‍ സത്യാഗ്രഹം എന്ന പേരില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.