കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് തട്ടകം ഒരുങ്ങി: ശുദ്ധിക്രിയകള്‍ തുടങ്ങി, കലവറനിറക്കല്‍ ചടങ്ങ് നടത്തി
ഇരിങ്ങാലക്കുട: 10 ദിവസം നീണ്ടു നില്ക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു തട്ടകം ഒരുങ്ങി കഴിഞ്ഞു. കൊട്ടിലാക്കലില്‍ ഗണപതിഹോമവും ക്ഷേത്രത്തിനകത്തു കിഴക്കേ നടപ്പുരയില്‍ കലവറ നിറക്കല്‍ ചടങ്ങും നടന്നു. കിഴക്കേ നടപ്പുരയില്‍ നടന്ന കലവറ നിറക്കല്‍ ചടങ്ങ് ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിനു ചുറ്റുവട്ടത്തുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി. ക്ഷേത്രോത്സവത്തിനു മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ തുടങ്ങി. പ്രസാദശുദ്ധിയാണ് ആദ്യം നടന്നത്. ഗണപതി പൂജ നടത്തി ശ്രീകോവിലിന്റെ ഉള്ളിലും ഇടനാഴികളിലും പ്രസാദത്തിലും ശുദ്ധിവരുത്തി പൂജിച്ചു. ശ്രീകോവിലിനു പുറത്തു ദേവന്റെ വലതുഭാഗത്ത് രാക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശപൂജ എന്നിവ നടത്തി. തുടര്‍ന്ന് വാസ്തുകലശങ്ങള് ആടി പുണ്യാഹം നടത്തിയശേഷം അത്താഴപ്പൂജ നടന്നു. ഞായറാഴ്ച രാവിലെ ചതുശുദ്ധി പൂജിച്ച് എതൃത്തപൂജയ്ക്ക് ദേവന് അഭിഷേകം ചെയ്തു. ബിംബഗതമായിരിക്കുന്ന മാലിന്യങ്ങളെ വൃത്തിയാക്കുന്നതിനായി നാല്പാമരം, ചുറ്റുമണ്ണ്, കദളിക്കായ, ചുണ്ടങ്ങ തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ചു പൂജിക്കുന്ന നാലു കലശങ്ങളാണു ചതുശുദ്ധി. ഉച്ചപ്പൂജയ്ക്ക് മുമ്പായി ദേവനെ നാലുവേദങ്ങളും സപ്തശുദ്ധി, ശ്രീരുദ്രം, വിവിധ സൂക്തങ്ങള്‍ എന്നിവയോടെ പൂജിച്ച് ജലധാര നടത്തി. നാളെ രാത്രി 8.10 നും 8.40 നും മധ്യേ ഉത്സവത്തിന്റെ കൊടിയേറ്റം നടക്കും.