ഇത് വെറുമൊരു മത്സരമല്ല; മനക്കരുത്തില്‍ ആവേശം നിറച്ച ഭിന്നശേഷിക്കാരുടെ മല്‍സരം ഏറെ ശ്രദ്ദേയമായി
ഇരിങ്ങാലക്കുട: മനക്കരുത്തില്‍ കരുത്ത് തെളിയിച്ച മല്‍സരമായിരുന്നു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. ചെറിയ ചാറ്റല്‍ മഴയെ പോലും വക വക്കാതെ ബലാബലം നിറയ്ക്കുന്ന പോരാട്ടത്തിലാണ് അവര്‍ പങ്കാളികളായത്. കൈപിടിച്ച് പ്രോത്സാഹിപ്പിച്ച് കുടുംബാംഗങ്ങളും അധ്യാപകരും ഇവരുടെ കരുത്തിനൊപ്പം ചേര്‍ന്നു. ദര്‍ശന സര്‍വീസ് സൊസൈറ്റിയുടെയും സ്പോര്‍ട്സ് അസോസിയേഷന് ഫോര്‍ ഡിഫറെന്റലി ഏബിള്‍ഡ് തൃശൂരിന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട തവനീഷ്, ക്രൈസ്റ്റ് കോളേജിന്റെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരുടെ കായിക മേള ‘ ദര്‍ശന പാരാ അത്ലറ്റിക് മീറ്റ് 2022’ നടന്നത്. ഇവര്‍ക്കിത് വെറുമൊരു മത്സരമായിരുന്നില്ല. കായികബലം അളക്കുന്നതിനൊപ്പം ആവേശത്തോടെ ഒത്തുചേരാനുള്ള ഒരു അവസരവും കൂടിയായിരുന്നു. കത്തീഡ്രല്‍ വികാരി ഫാ: പയസ് ചിറപ്പണത്ത് ദര്‍ശന ദേശിയ കായിക താരം സിനി കെ സെബാസ്റ്റ്യന്‍ മേളയുടെ ദീപശിഖ
കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ദര്‍ശന സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് ഫാ: സോളമന് കടമ്പാട്ടുപറമ്പില്‍ സിഎംഐ, സെക്രട്ടറി സി ജെ ജോയ്, ദര്‍ശന ക്ലബ് പ്രസിഡന്റ് ഷിബിന്‍ ഹാരി, ദര്‍ശന ക്ലബ്ബ് ജോയിന്‍ സെക്രട്ടറി അജില്‍ ജോസഫ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സമാപന സമ്മേളനം ബിഷപ്പ് മാര്‍.പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യസവകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു സമ്മാന ദാനം നിര്‍വഹിച്ചു. ദര്‍ശനയുമായി വിവിധ മേഖലകളില്‍ സഹകരിച്ചു വരുന്ന ജീവകാരുണ്യ സാമൂഹിക പ്രവര്ത്തകന് ജോര്‍ജ് മേലൂര്‍, ദര്‍ശന ഫുട്ബോള്‍ കായിക പ്രതിഭ വി എ അഖില്‍ കുമാര്‍, മികച്ച ഭിന്നശേഷി പ്രവര്‍ത്തകരായ ജോസ് കൊരട്ടി, കുമാരി ബീന ചാക്കോ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. വടംവലി മത്സരത്തില്‍ ദര്‍ശന ഫ്രെയിംസ് ഒന്നാം സ്ഥാനവും ദര്‍ശന സ്പാര്‍ക്ക് രണ്ടാം സ്ഥാനവും നേടി.