കരുവന്നൂര്‍ പാലത്തിന് മുകളിലെ സംരക്ഷണ വേലിയുടെ നിര്‍മ്മാണം: മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തിന് മുകളിലെ സംരക്ഷണ വേലിയുടെ നിര്‍മ്മാണം വിലയിരുത്തുവാന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു കരുവന്നൂര്‍ പാലത്തില്‍ സന്ദര്‍ശനം നടത്തി. കരുവന്നൂര്‍ പാലത്തിന്റെ അരികുവശങ്ങളില്‍ വയര്‍ ഫെന്‍സിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ആത്മഹത്യകള്‍ കൂടിവരുന്നതില്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആത്മഹത്യകള്‍ക്ക് വഴിവെക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ കണ്ടെത്തി ആത്മഹത്യകള്‍ക്ക് തടയിടാന്‍ സമൂഹത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജീവിതസാഹചര്യങ്ങളില്‍ ഉഴലുന്ന മനുഷ്യരെ കൈത്താങ്ങായി ആത്മഹത്യ പ്രവണതകളില്‍ നിന്നും മുക്തരാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ സന്നദ്ധസംഘടനകളെയും ജനമൈത്രി പോലീസും ഉള്‍പ്പെടുത്തി സംഘടനാ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നല്‍കിയിരുന്നു. കരുവന്നൂര്‍ പാലത്തിനെ ആത്മഹത്യാമുനമ്പാക്കാന്‍ അനുവദിക്കില്ലെന്നും പാലത്തിന്റെ അരികുവശങ്ങളില്‍ വയര്‍ ഫെന്‍സിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര്. ബിന്ദു പറഞ്ഞു.