വൈദ്യുതിവികസന രംഗത്തിനു കുതിപ്പ് ; വേളൂക്കര 33 കെവി സബ്സ്റ്റേഷന് ഇന്ന് നാടിന് സമര്‍പ്പിക്കും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ വൈദ്യുതിവികസന രംഗത്തിനു കുതിപ്പേകിക്കൊണ്ട് വേളൂക്കര പഞ്ചായത്തില്‍ പുതിയ 33 കെവി സബ്സ്റ്റേഷന് പണിതീര്‍ത്ത് ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11 ന് സബ്സ്റ്റേഷന് പരിസരത്തു നടക്കുന്ന ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐഎഎസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പപഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഏകദേശം 7.7 കോടി രൂപ ചെലവിലാണ് സബ്സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കുന്നത്. കൊമ്പൊടിഞ്ഞാമാക്കല്‍, പുത്തന്‍ചിറ, മാള, ചാലക്കുടി സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന തുമ്പൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍, കടുപ്പശേരി, കുഴിക്കാട്ടുശേരി, കൊറ്റനല്ലൂര്‍ പ്രദേശങ്ങളിലെ ഏതാണ്ട് കാല് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനും പ്രസരണവിതരണ നഷ്ടം കുറയ്ക്കാനും സബ്സ്റ്റേഷന് ആരംഭിക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.