ഇന്ന് ലോക പരിസ്ഥിതിദിനം…..
പ്രഫ. എം.എ. ജോണ്‍ താന്‍ നട്ടുപരിപാലിച്ച ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് അര്‍ബൊറേറ്റം കോമ്പൗണ്ടില്‍.
സിവില്‍ സ്റ്റേഷനെ വനമാക്കിയ കാവലാള്‍; 525 മരങ്ങളുമായി ഒരു മാതൃകാ പരിസ്ഥിതിവിപ്ലവം !
22 വര്‍ഷത്തെ തപസ്യ; ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് വളപ്പ് ഇനി ചെറു വന.
ഇരിങ്ങാലക്കുട: പേര് മിനി സിവില്‍ സ്റ്റേഷന് എന്നാണെങ്കിലും ഉള്ളില്‍ കടന്നാല്‍ കുളിര്മയേകുന്ന ഒരു വനത്തിന്റെ പ്രതീതിയാണ്. അവിടെയില്ലാത്ത മരങ്ങളില്ല, കേള്‍ക്കാത്ത സസ്യനാമങ്ങളില്ല. 525 മരങ്ങള്‍ നിറഞ്ഞ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് വളപ്പ് ഒരു കുട്ടി വനമാണ്. ഇരിങ്ങാലക്കുട റോട്ടറി ക്ലബ് 22 വര്‍ഷമായി മിനി സിവില്‍ സ്റ്റേഷനെ പച്ചപ്പ് അണിയിച്ചുകൊണ്ട് പരിപാലിക്കുന്ന ഒന്നര ഏക്കര്‍ സ്ഥലത്തെ അര്ബൊറേറ്റമാണ് ആ സമ്പത്ത്.

ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തോടൊപ്പം ആരംഭിച്ച റോട്ടറി അര്‍ബൊറേറ്റം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മുന്‍ മേധാവിയും 2017ലെ വനമിത്ര അവാര്‍ഡ് ജേതാവുമായ പ്രഫ.എം.എ. ജോണ്‍ ആണ് ഈ പച്ചത്തുരുത്തിന്റെ കാവലാള്‍. പറവൂര്‍ താലൂക്കിലെ വള്ളുവള്ളി മേനാച്ചേരി കുടുംബാംഗമായ അദ്ദേഹം തന്റെ വിശ്രമജീവിതം പൂര്‍ണമായും ഈ വനസംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ആദ്യകാലങ്ങളില്‍ കഠിനമായ ചീങ്കണ്ണിപ്പാറ നിറഞ്ഞ ഈ പ്രദേശത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എളുപ്പമായിരുന്നില്ല. കടുത്ത ജലക്ഷാമം നേരിട്ടപ്പോള്‍ സ്വന്തം കാറില്‍ വെള്ളം എത്തിച്ചാണ് പ്രഫ.എം.എ. ജോണ്‍ തൈകള്‍ നനച്ചുപോറ്റിയത്. ദിവസവും രണ്ടു മണിക്കൂര്‍ അദ്ദേഹം ഈ വനത്തില്‍ ചെലവഴിക്കുന്നു. വേപ്പിന്‍പിണ്ണാക്കും ചാണകവും എല്ലുപൊടിയുമടങ്ങുന്ന ജൈവവളങ്ങള്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. നാട്ടുമരങ്ങള്ക്ക് പുറമെ ഒട്ടനവധി വിദേശയിനം സസ്യങ്ങളും ഈ വനശേഖരത്തിലുണ്ട്.
അപൂര്‍വ്വ സസ്യങ്ങളുടെ ജൈവവൈവിധ്യം
അന്യം നിന്നുപോകുന്നതും അപൂര്‍വവുമായ 330 ജൈവ സസ്യങ്ങളാണ് ഇവിടെയുള്ളത്. മൂത്താശാരി, നീര്‍മാതളം,ദന്തപാല, ഒടുക്, കുടകപ്പാല, കുന്തരിക്കം, കൃഷ്ണനാല്‍, ശിംശിപ, ഇടംപിരി, പൂപ്പാതിരി, ചോരപ്പാല, കുളവെട്ടി, കടുവാപിടുക്കന്‍, കടുക്ക, രക്തചന്ദനം, പുത്രജീവ, പലകപ്പയ്യാനി, പൂവണം, ഊറാവ്, വില്ലൂന്നി….ഇങ്ങനെ പോകുന്നു ജൈവസസ്യങ്ങളുടെ നീണ്ട നിര. ആദ്യം നട്ട ദന്തപാലയും നീര്‍മാതളവും വേങ്ങയും ലക്ഷ്മിതരുവും മൂത്താശാരി മരവും നാട്ടത്തിയും ഇന്ന് വന്മരങ്ങളായി തീര്‍ന്നു.
അത്ഭുതങ്ങള്‍ ഒളിപ്പിച്ച ഔഷധത്തോട്ടം
വംശനാശഭീഷണി നേരിടുന്ന 60 ലധികം മരങ്ങളും നൂറിലധികം ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. നക്ഷത്രമരവും നാല്‍പ്പാമരവും നവഗ്രഹമരവുമടക്കം ഒട്ടനവധി ഔഷധസസ്യങ്ങളും വളര്‍ത്തുന്നുണ്ട്. കാറ്റത്ത് കായ്കള്‍ ഇളകി ബഹളമുണ്ടാകുന്ന വുമണ്‍ ട്രെന്‍ഡ് ട്രീ എന്നറിയപ്പെടുന്ന നെന്മേനി വാഗയും ആദിമ മനുഷ്യന് വടം ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ആനത്തൊണ്ടിമരവും രുദ്രാക്ഷവും ഭദ്രാക്ഷവും മെഴുകുമരവും മരവുരിയും വാചീകരണ ശക്തി കൂട്ടുന്ന നോനി മരവും ഈ ശേഖരത്തില്‍പെടുന്നു. കര്‍പ്പൂരഗന്ധം പരത്തുന്ന കര്‍പ്പൂര മരവും അര്‍ബുദ രോഗത്തിന്റെ ഔഷധമായ ലക്ഷ്മിതരുവും ഇവിടെയുണ്ട്.
ചിത്രശലഭങ്ങള്‍ക്കായി 32 സെന്റില്‍ ഹരിതവിരുന്ന്
വനാന്തരീക്ഷത്തോട് ചേര്‍ന്ന് 32 സെന്റില്‍ ഒരുക്കിയ മനോഹരമായ ശലഭോദ്യാനമാണ് മറ്റൊരു പ്രത്യേകത. കേരളത്തിന്റെ സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി യുടെ ആതിഥേയ സസ്യമായ മുള്ളിലം ഇവിടെ വളരുന്നുണ്ട്. കഴിഞ്ഞ ജൂലൈ നവംബര്‍ മാസങ്ങളില്‍ മാത്രം 43 ഇനം ചിത്രശലഭങ്ങള്‍ ഇവിടെ വിരുന്നെത്തിയതായി

രേഖപ്പെടുത്തിയിട്ടുണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും പ്രകൃതിയുമായി ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉദ്യാനം സ്ഥാപിച്ചിട്ടുള്ളത്. ഓരോ ശലഭത്തിനും ഓരോ മരങ്ങളുണ്ട്. അവയില്‍ മാത്രമേ പരാഗണം നടത്തുകയുള്ളൂ. അതിനാല്‍ ചിത്രശലഭങ്ങളുടെ ആതിഥേയ സസ്യങ്ങളായ പൊന്നാവരം, തകര, ഗരുഡക്കൊടി, കാട്ടുകടുക്ക്, ആവണക്ക്, പൂച്ചപ്പഴം, വേലിപ്പരുത്തി, ഈന്ത, മന്ദാരം, ഇലമുളച്ചി, ഹേമപുഷ്പം തുടങ്ങിയവയും ശലഭങ്ങള്‍ക്കു പൂമ്പൊടിയും തേനും നല്കുന്ന കുമ്മിണിപ്പച്ച, ഒടിയന്‍ചീര, കുക്കുര, അമുകികുരം, ശംഖുപുഷ്പം, നീലപ്പാല, നന്ത്യാര്‍വട്ടം, വന്‍കുറുന്തോട്ടി, തേള്‍ക്കട, കനവീര്യം, എടമക്കി, കിലുകിലുക്കി, കോമോട്ടം തുടങ്ങിയവയും ശലഭങ്ങളെ ആകര്‍ഷിക്കാനായി ഈ ശലഭോദ്യാനത്തിലുണ്ട്. കോമണ്‍ പിയറോട്ട്, കോമണ്‍ സെറൂലിയന് (പൊട്ടുവാലാട്ടി), കോമണ്‍ ലപ്പേര്‍ഡ് (പുള്ളിപ്പുലി ചിത്രശലഭം), കോമണ്‍ ഇവനിംഗ് ബ്രൗണ്‍ (കരിയില ചിത്രശലഭം), കോമണ്‍ റോസ് (നാട്ടുറോസ്), കോമണ്‍ മോര്‍മോണ്‍ (നാരകക്കാളി), കോമണ്‍ സെയിലര്‍ (പൊന്തചുറ്റന്‍), കോമണ്‍ എമിഗ്രന്റ് (മഞ്ഞത്തകരമുത്തി) ടൈഗര്‍ വിഭാഗത്തിലുള്ള ഗ്ലാസി, ബ്ലു, സ്ട്രിപ്പ്ഡ് എന്നീ ഇനങ്ങളും കൂടാതെ മംഗി പസില്‍, തമില്‍ യോമെന്‍, സഹ്യാദ്ര റസ്റ്റിക് എന്നീ ചിത്രശലഭങ്ങളും ഈ ഉദ്യാനത്തിലെ സന്ദര്‍ശകരാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി