എടതിരിഞ്ഞിയിലെ ന്യായവില തര്‍ക്കത്തിന് പരിഹാരം
എടതിരിഞ്ഞി വില്ലേജില്‍ ഭൂമിയുടെ ഉയര്‍ന്ന ഫെയര്‍ വാല്യു ഉള്ള അന്യായമായ ഭൂമി.
പുതുക്കിയ ന്യായവില പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കി
ഇരിങ്ങാലക്കുട: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായ ന്യായവില സംബന്ധിച്ച് ജനങ്ങള്‍ ഉന്നയിച്ചിരുന്ന ദീര്‍ഘനാളത്തെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ശാശ്വതപരിഹാരം. വില്ലേജിലെ മുഴുവന്‍ സര്‍വേ നമ്പറുകളിലെയും ഭൂമിയുടെ വില പുനര്‍നിര്‍ണയിച്ചുകൊണ്ട് സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചു. മനവലശേരി, പടിയൂര്‍, കാട്ടൂര്‍ എന്നീ സമീപ വില്ലേജുകളിലെ സമാന സ്വഭാവമുള്ള ഭൂമിയുടെ വിലയുമായി താരതമ്യംചെയ്താണ് പുതിയ വില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ന്യായവില പുനര്‍ നിര്‍ണയത്തിനായുള്ള ജില്ലാതല സമിതി യോഗം ചേര്‍ന്ന് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.
2010 ലാണ് എടതിരിഞ്ഞി വില്ലേജിലെ മുഴുവന്‍ സര്‍വേ നമ്പറുകളിലെയും ന്യായവില ഉയര്‍ത്തി നിശ്ചയിച്ചത്. ആ സമയത്തുതന്നെ ഇതിനെതിരേ പരാതികളുയര്ന്നിരുന്നതിനാല് പ്രശ്നം പരിഹരിക്കുന്നതിനായി 2011ല്‍ കളക്ടറുടെ നേതൃത്വത്തില്‍ ന്യായവില പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. എന്നാല്‍ അപേക്ഷകര്‍ കുറവായിരുന്നു. അന്ന് ഒരുവര്‍ഷത്തിനിടെ ഭൂമി ഇടപാടിലേര്പ്പെട്ടവര് മാത്രമാണ് ഭീമമായ രജിസ്ട്രേഷന് ഫീസിലൂടെ ഉയര്‍ത്തി നിശ്ചയിച്ചിരിക്കുന്ന ന്യായവിലയെ തിരിച്ചറിഞ്ഞത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയും പരാതികള്‍ സമര്‍പ്പിക്കുകയും സമരം നടത്തുകയുംചെയ്തു.
2025 ജൂലൈയില്‍ കളക്ടര്‍ നേരിട്ട് ഇടപെട്ട് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തിക്കൊണ്ട് വില്ലേജ്, താലൂക്ക്, ജില്ലാ സമിതികള്‍ രൂപവത്കരിച്ചു. തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലും സ്ഥലപരിശോധനയിലും എടതിരിഞ്ഞിയില്‍ ഉയര്‍ന്ന നിരക്കാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ തയാറാക്കിയ കരട് പട്ടിക, വില്ലേജ് താലൂക്ക് സമിതികള്‍ അംഗീകരിച്ച് ജില്ലാ സമിതിക്ക് കൈമാറുകയായിരുന്നു. ഈ പട്ടികയിലെ അപാകങ്ങള്‍ പൂര്‍ണമായി പരിഹരിച്ചാണ് അന്തിമ വിജ്ഞാപനം വന്നിരിക്കുന്നത്.
പരിഹരിക്കാന്‍ അദാലത്തും പിന്നീട് ഉത്തരവും
പരാതികള്‍ പരിഹരിക്കാന്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചുവെങ്കിലും ഭൂവുടമകളില്‍ ചെറിയ ശതമാനംപേര്‍ മാത്രമാണ് അദാലത്തിലും വില്ലേജിലും പരാതി നല്‍കിയിരുന്നത്. ഇതോടെ വില്ലേജിലെ ല്ലാ സര്‍വേ നമ്പറുകള്‍ക്കും മുഴുവന്‍ ഭൂവുടമകള്‍ക്കും ബാധകമാകുന്ന നിലയില്‍ ന്യായവില കുറവ് വരുത്തി ഉത്തരവ് ഇറക്കണമെന്ന ആവശ്യം ശക്തമായി. ജില്ലാഭരണകൂടത്തിന് ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുകയും പടിയൂര്‍ പഞ്ചായത്ത് വിഷയത്തെചൊല്ലി സമരവേദി ആവുകയും ചെയ്തതോടെ ന്യായവില പുനര്‍നിര്‍ണയിക്കാന്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി ജില്ലാഭരണകൂടം 2025 ജൂലൈ 18ന് ഉത്തരവായി. റവന്യൂ അധികൃതര്‍ തയാറാക്കിയ കരട് വിജ്ഞാപനം ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ജില്ലാതലസമിതി 2026 ജനുവരി 17ന് അംഗീകരിച്ചു. തുടര്‍ന്ന് 2026 ജനുവരി 19ന് കരട് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. അറുപത് ദിവസത്തെ അപ്പീല്‍ സമയവും നല്കി. ഇക്കാലയളവില്‍ ലഭിച്ച പരാതികള്‍ പരിഹരിച്ച ശേഷമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എടതിരിഞ്ഞി വില്ലേജില്‍ താലൂക്കിലെ ഏറ്റവും ഉയര്‍ന്ന ഫെയര്‍ വാല്യു
മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളില്‍ ഏറ്റവും ഉയര്‍ന്ന ഫെയര്‍വാല്യു ആണ് എടതിരിഞ്ഞി വില്ലേജിലുള്ളത്. എടതിരിഞ്ഞി വില്ലേജില്‍ ഉള്‍പ്പെട്ട വടക്കേ അറ്റത്തെ കാട്ടൂര്‍ തെക്കുംപാടം പാടശേഖരത്തില്‍ നിലത്തിന് 3,85,000 രൂപയാണെങ്കില്‍ സമീപത്തെ കാട്ടൂര്‍ വില്ലജിലെ നില്തിന് 3,300 രൂപ മാത്രം. വില്ലേജിലെ തെക്കേ അറ്റത്തെ പറമ്പിന് 4,54,000 രൂപ. ഇതേ പഞ്ചായത്തിലെ പടിയൂര്‍ വില്ലേജ് ആരംഭിക്കുന്ന ഭാഗത്തെ പറമ്പിന് 60,000 രൂപ മാത്രം. ഇതുമൂലം പ്രദേശത്ത് ഭൂമിവില്‍പ്പന കുത്തനെ കുറഞ്ഞു. പാടശേഖരങ്ങളുടെ കൈമാറ്റം വാക്കാല്‍ മാത്രമായി ഒതുങ്ങി. മുകുന്ദപുരം താലൂക്കിന്റെ പട്ടണ ഹൃദയമായ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ കേവലം ഒമ്പതുലക്ഷം രൂപ വരെയാണ് രണ്ടര സെന്റിന് ഫെയര്‍വാല്യു. എന്നാല്‍ എടതിരിഞ്ഞി വില്ലേജില്‍ തോടും ചിറകളുമായി കിടക്കുന്ന കാക്കാത്തിരുത്തി പ്രദേശത്ത് ഫെയര്‍ വാല്യു രണ്ടര സെന്റിന് 19,85,000 രൂപയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന ജൂ ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് സേവിയേഴ്സിലെ വിദ്യാര്‍ഥികള്‍ക്ക് മിന്നും നേട്ടം
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവം നടത്തി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
അമ്മ വായനയും പുസ്തക വിതരണവും നടത്തി
ഇന്ന് ലോക പരിസ്ഥിതിദിനം…..