ഇല്ലിക്കല് ഷട്ടര് ഉയര്ത്തിയില്ല, കര്ഷകര് പ്രതിഷേധത്തില്
മൂര്ക്കനാട്: ഇല്ലിക്കല് ഷട്ടര് ഉയര്ത്താത്തതില് കര്ഷകര് പ്രതിഷേധത്തില്. കഴിഞ്ഞ കാലവര്ഷത്തില് ഷട്ടര് ഉയര്ത്താനും താഴ്ത്താനും പറ്റാത്ത സാഹചര്യം ഉണ്ടായി. ഷട്ടറിന്റെ ചങ്ങലകള് തുരുമ്പെടുക്കുകയും ഭിത്തികള് കേടുപാടുകള് സംഭവിച്ചതുമൂലമാണ് ഇല്ലിക്കല് ഷട്ടര് പ്രവര്ത്തനരഹിതമായത്. അത് വീടുകളിലേക്ക് വെള്ളം കയറുകയും നാശനഷ്ടങ്ങള് ഉണ്ടാവുകയും ചെയ്തു. നാട്ടുകാര് ശക്തമായ പ്രതിഷേധം ഉയര്ന്നപ്പോള് മന്ത്രി നേരിട്ട് എത്തുകയും കാലവര്ഷം തീര്ന്നാല് ഉടനെ ഷട്ടറിന്റെയും ഉയര്ത്തുന്ന മോട്ടോറിന്റെയും കേടുപാടുകള് തീര്ക്കുമെന്ന് ഉറപ്പു നല്കിയിരുന്നെങ്കിലും പിന്നീട് തുടര് നടപടികള് ഒന്നും ഉണ്ടായില്ലെന്നാണ് കര്ഷകും നാട്ടുകാരും പറയുന്നത്.
അത് തുടര് നടപടികള് സ്വീകരിക്കാത്തതുമൂലമാണ് കര്ഷകര്ക്കും വീട്ടുകാര്ക്കും ഇപ്പോള് ഈ ഗതി ഉണ്ടായത്. ഒരാഴ്ച്ച മുമ്പ് സര്ക്കാരിന്റെ മുന്നറയിപ്പ് (മഴ ശക്തമാകുമെന്ന്) ഉണ്ടായിട്ടും ഉദ്യോഗസ്ഥര് ഷട്ടര് ഉയര്ത്തുന്നതില് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കര്ഷകര് ആരോപിക്കുന്നു. മുരിയാട് കോള്പാടശേഖരം, ചെമ്മണ്ട കായല് പാടശേഖരം, താമരപ്പാടം, കിഴക്കേപുഞ്ചപ്പാടം, കുഴിക്കാട്ടുകോണം കോള്പാടശേഖരം, ചിത്രവള്ളി പാടശേഖരം, പൈങ്കിളി പാടശേഖരം എന്നിവയാണ് വെള്ളത്തിലായത്.
ഇപ്പോള് കരുവന്നൂര് പുഴയില് വീണുകിടക്കുന്ന ഷട്ടറിനു മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ആയതുകൊണ്ട് വെള്ളം വേണ്ടത്ര വേഗത്തില് ഒഴുകിപോകുന്നില്ല. ഈ പ്രശ്നത്തിന് അടിയന്തര പ്രധാന്യം നല്കി, ഷട്ടറുകള് കേടുപാടുകള് തീര്ക്കുന്നതിനും കര്ഷകര്ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് മൂര്ക്കനാട് മേഖല കോണ്ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുന് കൗണ്സിലര് കെ.കെ. അബ്ദുള്ളകുട്ടി, ടി.എം. ധര്മ്മരാജന്, റപ്പായി കോറോത്തുപറമ്പില്, കെ.എ. അബൂബക്കര് എന്നിവര് പ്രസംഗിച്ചു.