വിശ്വാസ പരിശീലന ക്ലാസുകള് പ്രാര്ഥനാവിദ്യാലയങ്ങള് ആകണം; മാര് പോളി കണ്ണൂക്കാടന്
ഇരിങ്ങാലക്കുട: ദേവാലയങ്ങളിലെ വിശ്വാസ പരിശീലന ക്ലാസുകള് പ്രാര്ഥനാവിദ്യാലയങ്ങള് ആകണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര് പോളി കണ്ണൂക്കാടന് അഭിപ്രായപ്പെട്ടു. 2024 25 വര്ഷ വിശ്വാസ പരിശീലനത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വല്ലപ്പാടി ദേവമാത ദേവാലയത്തിലായിരുന്നു മതബോധന ക്ലാസുകളുടെ രൂപതാതല ഉദ്ഘാടനം നടന്നത്. വികാരി ജനറാള് മോണ്. ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. ‘ക്രിസ്തുദര്ശനം പ്രാര്ഥനാ ജീവിതത്തിലൂടെ’ എന്നതാണ് വിശ്വാസപരിശീലനത്തിന്റെ ആപ്തവാക്യം. രൂപത മതബോധന ഡയറക്ടര് ഫാ. റിജോയ് പഴയാറ്റില് ആപ്തവാക്യ വിശകലനം നടത്തുകയും ചെയ്തു.
മതബോധന ക്ലാസുകള് പ്രാര്ഥനാവിദ്യാലയങ്ങള് ആകണമെന്നും ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനും, വിഷമതകളില് അടിപതറാതെ നില്ക്കാനും സഹായിക്കത്തക്ക രീതിയില് വിശ്വാസപരിശീലന ക്ലാസുകള് വിദ്യാര്ഥികളെ വാര്ത്തെടുക്കണമെന്നും ബിഷപ് പറഞ്ഞു. വല്ലപ്പാടി മതബോധന ഡയറക്ടര് ഫാ. ലിജോ കളപറമ്പത്ത്, മതബോധന സെക്രട്ടറി സിസ്റ്റര് മരിയറ്റ് എഫ്സിസി, പ്രധാന അധ്യാപിക നയോമി ബാബു, പിടിഎ പ്രസിഡന്റ് വിജു കരിമ്പുതുറ, ആനിമേറ്റര് പ്രഫ. ബ്രിട്ടോ ജോസഫ്, കൈക്കാരന് ജോണ്സണ് കാച്ചപ്പിള്ളി എന്നിവര് പ്രോഗ്രാമിന് നേതൃത്വം നല്കി. ഫൊറോന വികാരി ഫാ. ജെയ്സണ് കരിപ്പായി 2023 24 അധ്യയന വര്ഷത്തെ മികച്ച മതബോധന യൂണിറ്റ് അവാര്ഡ് പ്രഖ്യാപിച്ചു. ഫൊറോന ഡയറക്ടര് ഫാ. ആഷില് കൈതാരത്ത്, മികച്ച ഐഎഫ്എല് യൂണിറ്റ് അവാര്ഡും പ്രഖ്യാപിച്ചു. പ്രസ്തുത ചടങ്ങില് മതബോധന ലോഗോ മത്സര വിജയികള്ക്കുള്ള സമ്മാനദാനവും നടന്നു.