തെരെഞ്ഞെടുപ്പ് സാമൂഹിക നീതിയുടെ വിധിയെഴുത്ത് കെപിഎംഎസ്
കല്ലേറ്റുംകര:
തെരഞ്ഞെടുപ്പ് സാമൂഹിക നീതിയുടെ വിധിയെഴുത്താണെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. ജില്ലാ കോര്‍ കമ്മിറ്റി യോഗം കല്ലേറ്റുംകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഭാവിക നീതി ലഭിക്കാത്ത ഇടങ്ങളില്‍ ജനം ബാലറ്റിലൂടെ തിരുത്തല്‍ ശക്തിയാകുമെന്നതാണ് ലോകസഭാ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്ത ഭരണഘടന സംരക്ഷണവും ജാതി സെന്‍സെസും വലിയ പ്രതിഫലനമുണ്ടാക്കി. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ പോരാട്ടങ്ങളെ ഭിന്നിപ്പിന്റെ സ്വരംകൊണ്ട് മറികടക്കാന്‍ കഴിയില്ലെന്ന ശക്തമായ മുന്നറിയിപ്പ് കൂടിയാണിത്. വരേണ്യ വര്‍ഗ്ഗ ശക്തികളുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങി സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സെസ് എന്ന ജനാധിപത്യ ആവശ്യത്തെ നിരാകരിച്ച സംസ്ഥാന സര്‍ക്കാരിനെതിരായി ദലിത് പിന്നോക്ക വിഭാഗങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത് സര്‍ക്കാരിനുള്ള താക്കീതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. ശശി കൊരട്ടി, കെ.പി. ശോഭന, ടി.കെ. സുബ്രന്, ഷാജൂ ഏത്താപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.