മൂന്നു ഗുണ്ടകളെ പോലീസ് കാപ്പ ചുമത്തി നാടുകടത്തി
ഇരിങ്ങാലക്കുട: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ കടുപ്പശ്ശേരി അവിട്ടത്തൂര് സ്വദേശി അമ്പാടത്ത് വീട്ടില് സായികൃഷ്ണ (33), വെങ്ങിണിശ്ശേരി ശിവപുരം കോളനി സ്വദേശി കുട്ടൂസ് എന്നറിയപ്പെടുന്ന തറയില് വീട്ടില് ശ്രീരാഗ് (29), വലപ്പാട് ബീച്ച് ചാലുകളം പള്ളി സ്വദേശി തറയില് വീട്ടില് വിഷ്ണു (29) എന്നിവരെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി. സായികൃഷ്ണ രണ്ട് വധശ്രമ കേസുകളിലടക്കം മൂന്നു കേസുകളിലും, ശ്രീരാഗ് മൂന്ന് വധശ്രമക്കേസുകള്, കഞ്ചാവ് വില്പ്പന, കവര്ച്ച തുടങ്ങിയ ഒമ്പതോളം കേസുകളിലും, വിഷ്ണു പോക്സോ കേസുള്പ്പെടെ എട്ടോളം കേസുകളിലും പ്രതിയാണ്. തൃശൂര് റൂറല് ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശര്മ്മ ഐപിഎസ് നല്കിയ ശുപാര്ശയില് തൃശൂര് റേഞ്ച് ഡിഐജി തോംസണ് ജോസ് ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാല് പ്രതികള്ക്ക് മൂന്നു വര്ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.