ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്
എഐസിടിഇയുടെ ഫണ്ടിംഗിന് അര്‍ഹമായ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ഗവേഷക സംഘം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കരയോടൊപ്പം.
ഇരിങ്ങാലക്കുട: ദുരന്തബാധിത മേഖലകളില്‍ അതിവേഗ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സാധ്യമാക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ (എഐസിടിഇ) റിസര്‍ച്ച് പ്രമോഷന് സ്കീം (ആര്‍പിഎസ്) ലാബ് ടു മാര്‍ക്കറ്റ് പദ്ധതിയുടെ ഭാഗമായി 34 ലക്ഷം രൂപയുടെ ഗവേഷണ ധനസഹായം. ഡ്യുവല്‍ ഡ്രോണ്‍ അധിഷ്ഠിത ഓട്ടോണമസ് രക്ഷാപ്രവര്‍ത്തന സംവിധാനം വികസിപ്പിക്കുന്നതിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകരായ ഡോ. നിത സി. വേലായുധന്, പി.ആര്. നീതു എന്നിവര്‍ സമര്‍പ്പിച്ച പ്രോജക്ട് പ്രൊപ്പോസലിനാണ് അംഗീകാരം ലഭിച്ചത്.
വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉള്പടെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ജീവന് രക്ഷിക്കുന്നതിന് നിര്‍ണായകമായ ആദ്യ മണിക്കൂറുകളില്‍ അതിവേഗ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, മരുന്ന് ഉള്പടെയുള്ള അടിയന്തര സഹായസാമഗ്രികളുടെ വിതരണം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. പരസ്പരം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത ഡ്രോണുകള്‍ ഉപയോഗിച്ച് ദുരന്തമേഖലകളില്‍ മനുഷ്യസാന്നിധ്യം ദുഷ്കരമായ പ്രദേശങ്ങളിലേക്കുപോലും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സംവിധാനമാണ് വികസിപ്പിക്കുക.
വിദ്യാര്‍ഥികളായ സിദ്ധാര്‍ഥ് എസ്. മേനോന്, ആര്. ശ്രീറാം, സൂര്യ ജോണ്‍, ശ്രീറാം രാമന്, പൂജിത വിപിന്‍, റിനോജ് റോബര്‍ട്ട് എന്നിവര്‍ ഗവേഷക സംഘത്തിലെ അംഗങ്ങളാണ്. ലബോറട്ടറിയില്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ സമൂഹത്തിന് നേരിട്ട് പ്രയോജനപ്പെടുന്ന ഉത്പന്നങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന എഐസിടിഇയുടെ ലാബ് ടു മാര്‍ക്കറ്റ് പദ്ധതിയിലേക്ക് ക്രൈസ്റ്റ് കോളജ് തെരഞ്ഞെടുക്കപ്പെട്ടത് സ്ഥാപനത്തിന്റെ ഗവേഷണ മികവിനുള്ള ദേശീയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് പ്രയോജനപ്പെടുന്ന സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായക സംഭാവന നല്‍കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം