എം.പി. ജാക്സൺ കെപിസിസി എക്സിക്യുട്ടീവ് അംഗമായി നിയമിതനായി
ഇരിങ്ങാലക്കുട: എം.പി. ജാക്സണ് കെപിസിസി നിര്‍വാഹക സമിതി അംഗമായി നിയമിതനായി. കഴിഞ്ഞ ദിവസമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇതുസംബന്ധിച്ച് നിയമന ഉത്തരവ് നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി, ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടറും ഐടിയു ബാങ്കിന്റെ ചെയര്‍മാനും സഹകരണ ആശുപത്രിയുടെ പ്രസിഡന്റും ഇരിങ്ങാലക്കുട യുഡിഎഫ് കണ്വീനറുമാണിപ്പോള്.
എം.പി. ജാക്സനെ കുറിച്ച് …………………………………..
കടന്നുചെന്നിടത്തെല്ലാം ഒന്നാം സ്ഥാനം. തൊടുന്നതെല്ലാം പൊന്ന്. അങ്ങനെയൊരാള്‍ ആരെന്ന് ഇരിങ്ങാലക്കുടക്കാര്‍ ചോദിക്കില്ല. കെപിസിസി എക്സിക്യുട്ടീവ് അംഗമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ച എം.പി. ജാക്സനെ എല്ലാവരും വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. മുമ്പ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. ഇരിങ്ങാലക്കുട ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്കിലേക്കു 1987 ല്‍ ആദ്യമായി മത്സരിച്ചത് ഭരണസമിതി അംഗമാകാനായിരുന്നു. ജയിച്ചു കയറിയപ്പോള്‍ വൈസ് ചെയര്മാന് സ്ഥാനം ജാക്സനെ തേടിയെത്തി. 1990 ല്‍ ബാങ്ക് ചെയര്‍മാനുമായി. ഇരിങ്ങാലക്കുടയുടെ ആധുനിക ധനകാര്യസ്ഥാപനമാക്കി വളര്‍ത്തിയ ഐടിയു ബാങ്കിന്റെ താക്കോല്സ്ഥാനത്തുനിന്ന് പിന്നെ അദ്ദേഹത്തിനു മാറിനില്ക്കേണ്ടിവന്നിട്ടില്ലെന്നു മാത്രമല്ല, ഓഹരിയുടമകളും ഇടപാടുകാരും സാധാരണ ജനങ്ങളും ജാക്സനെ ബാങ്കിന്റെ ജീവരക്തമാക്കി മാറ്റുകയായിരുന്നു.
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണം ജാക്സന്റെ കൈയിലെത്തിയതു ഇരട്ടപ്രൊമോഷനിലൂടെയാണ്. ദശാബ്ദങ്ങളായി ഇടതുപക്ഷ ഭരണം നിലനിന്ന നഗരസഭാ ഭരണം പിടിച്ചെടുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണത്തിനു കൊടി പാറിച്ച ജാക്സന്റെ വിശിഷ്ടമായ പ്രവര്‍ത്തനശൈലി സംസ്ഥാനത്തുടനീളം ശ്രദ്ധിക്കപ്പെട്ടതാണ്. 35 വയസിലായിരുന്നു ജാക്സനെ തേടി ചെയര്മാന് സ്ഥാനമെത്തിയത്. ചെറുപ്രായത്തില്‍ ചെയര്മാന് സ്ഥാനം ലഭിക്കുന്നതു നാട്ടുനടപ്പല്ലാത്ത കാലത്തായിരുന്നു ഇതെന്നും ശ്രദ്ധേയം. അട്ടിമറി വിജയം ലക്ഷ്യമിട്ട് 1988 ല്‍ അദ്ദേഹം മത്സരിച്ചതു കൗണ്‍സിലറാകാന്‍ ആയിരുന്നു. എന്നാല്‍ ആദ്യമായി കൗണ്‍സിലില്‍ എത്തിയ അദ്ദേഹത്തെ പാര്‍ട്ടിയും സഹ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നഗരസഭാ ചെയര്‍മാനാക്കി. ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്ക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരംഭിച്ച സഹകരണ ആശുപത്രിയുടെ സാരഥ്യം അദ്ദേഹത്തിന്റെ കൈകളിലെത്തിയതും ഇരട്ടനേട്ടത്തോടെ. ഇപ്പോള്‍ കെപിസിസി എക്സിക്യുട്ടീവ് അംഗമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചപ്പോഴും അതേ ഇരട്ടി മധുരം. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച സംഘാടകനും നേതാവുമെന്ന നിലയില്‍ മാത്രമല്ല, വാണിജ്യ വ്യവസായ മേഖലയിലും അദ്ദേഹം വിജയമുദ്ര പതിപ്പിച്ചു.
വാണിജ്യ വ്യവസായ പാരമ്പര്യമുള്ള കുടുംബാംഗമാണെങ്കിലും വിദ്യാര്ഥിയായിരുന്നപ്പോഴേ പൊതുപ്രവര്‍ത്തനത്തിനും ജനസേവനത്തിനും തുടക്കമിട്ടതാണ്. വ്യവസായ പ്രമുഖനും മുന്‍ നഗരസഭാധ്യക്ഷനുമായ എം.സി. പോളിന്റെ സീമന്തപുത്രന് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 1972 മുതല്‍ ഇരിങ്ങാലക്കുടയില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും സജീവ നേതൃസ്ഥാനത്തുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച ഇലക്ഷന് കമ്മിറ്റി ചെയര്‍മാനോ ജനറല്‍ കണ്‍വീനറോ ജാക്സനായിരുന്നു. ഓരോ തവണയും കൂടുതല്‍ യുവജനങ്ങളെ അണിനിരത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും മുന്നണി സ്ഥാനാര്‍ഥിക്കു കൂടുതല്‍ വോട്ട് നേടിക്കൊടുക്കുകയും ചെയ്തു. ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, ഈ പ്രദേശത്തെ സഹകരണ സംഘങ്ങളെ യുഡിഎഫ് കുടക്കീഴിലാക്കി ജാക്സന് ഇഫക്ട് പ്രകടമാക്കി. 2010 ല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുനിന്നു മാറി പ്രചാരണത്തിന്റെ അമരക്കാരനായ ജാക്സന്റെ നേതൃത്വത്തില്‍ നഗരസഭയുടെ വാര്‍ഡുകളെല്ലാം തൂത്തുവാരി. 2005 ല്‍ ലീഡര്‍ കെ. കരുണാകരന്റെ ഡിഐസി കോണ്‍ഗ്രസിനു എല്ലായിടത്തും ക്ഷീണമുണ്ടാക്കിയെങ്കിലും ഇരിങ്ങാലക്കുട കുലുങ്ങിയില്ല. പഴയകാല നേതാക്കളുടെ ശൈലിയില്‍ നിന്നു വിഭിന്നമായ പ്രവര്‍ത്തനരീതിയാണ് ജാക്സനെ വ്യത്യസ്തനാക്കിയത്. സ്വന്തം വികസന സ്വപ്നങ്ങളുടേയും പദ്ധതികളുടേയും ചിറകിലാണ് അദ്ദേഹം ഇരിങ്ങാലക്കുടയെ വികസനത്തിന്റെ അനന്തവിഹായസിലേക്കു പറക്കാന്‍ സജ്ജമാക്കിയത്.
പ്രവര്‍ത്തകര്‍ക്കൊപ്പം മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതാണ് ജാക്സന്റെ കര്മശ്രേഷ്ഠതയും വിജയരഹസ്യവുമെന്ന് അദ്ദേഹത്തെ അറിയുന്നവരെല്ലാം സമ്മതിക്കും. എല്ലാവരേയും ഉള്‍ക്കൊള്ളാനും പരിഗണിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും അദ്ദേഹത്തിനു കഴിയുന്നതുകൊണ്ടാണ് എല്ലാവര്ക്കും അദ്ദേഹം പ്രിയങ്കരനാകുന്നത്. ഇരിങ്ങാലക്കുടയിലെ സാംസ്കാരിക രംഗത്തും തിളങ്ങുന്ന നേതൃത്വമാണ് ജാക്സന് കാഴ്ചവയ്ക്കുന്നത്. ഐഎസ്ആര്‍ഒ ചെയര്‍മാനായി ഇരിങ്ങാലക്കുടക്കാരനായ ശാസ്ത്രജ്ഞന് രാധാകൃഷ്ണന് നിയമിതനായപ്പോഴും ബിഷപ്പായി മാര്‍ പോളി കണ്ണൂക്കാടന്‍ ചുമതലയേറ്റപ്പോഴും അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും നേതൃത്വം വഹിച്ചതു ജാക്സനാണ്. ഇരിങ്ങാലക്കുട ചേംബര്‍ ഓഫ് കോമേഴ്സിന്റേയും ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് ക്ലബിന്റെയും ക്രൈസ്റ്റ് അക്വാറ്റിക്സ് കോംപ്ലക്സിന്റേയും പ്രസിഡന്റെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും അവിസ്മരണീയമാണ്.
ദീര്‍ഘകാലമായി ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റ് കൂടിയാണ് ജാക്സണ്. വിവിധ സ്ഥാനങ്ങളുള്ക്കൊള്ളുന്ന എംസിപി ഗ്രൂപ്പിന്റെ ചെയര്മാന്കൂടിയാണിദ്ദേഹം. 1300 കോടി വിറ്റുവരവുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയും കേരളം, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതുമായ കെഎസ്ഇയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ വ്യവസായ മേഖലയിലും ജാക്സണ് മികച്ച നേതൃപാടവം കാഴ്ചവയ്ക്കുന്നു. ഭാര്യ: എസ്റ്റ. മക്കള്‍: സിനു, സിമി, പോള്‍.
സഹകരണ രംഗത്തെ മികവ്
1987 ല്‍ ജാക്സന് ഇരിങ്ങാലക്കുട ടൗണ്‍ ബാങ്കില്‍ ചുമതലയേല്‍ക്കുമ്പോള്‍ 1300 അംഗങ്ങളും ഒരു കോടി രൂപയില്‍ താഴെ ബിസിനസുമാണുണ്ടായിരുന്നതെങ്കില് ഇന്നു 30,000 അംഗങ്ങളും 700 കോടി രൂപയുടെ ബിസിനസുമുണ്ട്. ഈ വര്‍ഷാവസാനത്തോടെ ബിസിനസ് ആയിരം കോടി കവിയും. പുതുതലമുറ ബാങ്കുകളിലെ ആധുനിക സൗകര്യങ്ങളെല്ലാമുള്ള ധനകാര്യ സ്ഥാപനമായി വളര്‍ന്ന ഐടിയു അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം കാര്‍ഡ് സൗകര്യം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ബാങ്കുകളുടേയും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാവുന്ന എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സഹകരണ ബാങ്കാണ് ഐടിയു. ലളിതമായ വ്യവസ്ഥകളോടെ വായ്പ, മുന്തിയ നിരക്കില്‍ നിക്ഷേപങ്ങള്‍ക്കു പലിശ. ഇരിങ്ങാലക്കുടക്കാരുടെ ഇഷ്ട ബാങ്കായി ഐടിയുവിനെ ജാക്സന് മാറ്റിയത് അങ്ങനെയാണ്.
ചികിത്സാ രംഗത്തെ കാല്‍വെയ്പ്പ്
ടൗണ്‍ ബാങ്ക് പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ 1995 ല്‍ തുടങ്ങിയതാണ് ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍. 2002 ല്‍ എത്തുമ്പോഴേക്കും 250 ബെഡുള്ള ആധുനിക സ്പെഷാലിറ്റി ഹോസ്പിറ്റലായി ഇതു വളര്‍ന്നു. ഇന്നു കാത്ത് ലാബും ആധുനിക സൗകര്യവുമുള്ള പ്രദേശത്തെ പ്രമുഖ ആശുപത്രിയായി ഇതു മാറിക്കഴിഞ്ഞു. ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ. ചികിത്സക്കായി തൃശൂരിലേക്കോ എറണാകുളത്തേക്കോ ഓടേണ്ട ദുരവസ്ഥ പരിഹരിക്കപ്പെട്ടതു സഹകരണ ആശുപത്രി പ്രവര്‍ത്തനസജ്ജമായതോടെയാണ്. വര്‍ഷം ഒരു ലക്ഷത്തിലേറെ രോഗികള്‍ ശുശ്രൂഷ തേടിയെത്തുന്ന മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി ഇരിങ്ങാലക്കുടക്കാരുടെ ആരോഗ്യ സംരക്ഷണകേന്ദ്രമാണ്.
നഗരസഭയിലെ വികസനങ്ങള്‍
1988 ല്‍ നഗരസഭ ചെയര്‍മാനായി ജാക്സന് തെരഞ്ഞെടുക്കപ്പെട്ടശേഷം യാത്രക്കാര്‍ക്കു സൗകര്യമൊരുക്കി പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചതു ചരിത്രപരമായ നേട്ടമാണ്. ദീര്‍ഘകാലത്തെ നിയമയുദ്ധം അവസാനിപ്പിച്ചാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. ബൈപാസ് റോഡിന്റെ പണി ആരംഭിച്ചതും ജാക്സന്റെ ഭരണനേട്ടമാണ്. നഗരസഭയ്ക്കു പുതിയ ഓഫീസ് മന്ദിരവും ടൗണ്‍ ഹാളും നിര്‍മിച്ചു. നഗരസഭയില്‍ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹത്തിന്റെ പേരിനെ അവിസ്മരണീയമാക്കുന്നതായി.