ഇരിങ്ങാലക്കുട നഗരസഭക്ക് ഇന്ന് 90 ാം പിറന്നാള്‍
സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ജ്വലിച്ചുയര്‍ന്ന നാട്……
കൂത്തും കൂടിയാട്ടവും പിറവി കൊണ്ടൊരു നാട്
മഹാ പ്രതിഭകള്‍ക്കു ജന്മം നല്കിയ നാട്…..
വാണിജ്യ വ്യവാസായ രംഗത്ത് ഇടം പിടിച്ച നാട്,
ഗാന്ധിയുടെയും നെഹ്റുവിന്റെയും പാദസ്പര്‍ശനമേറ്റ നാട്
അസമത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള സമര ഭൂമി…..
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭക്ക് ഇന്ന് 90 ാം പിറന്നാള്‍. സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1936 ഫെബ്രുവരി എട്ടിന് ഇരിങ്ങാലക്കുട ഒരു നഗരസഭയായി മാറി. 1936 നവംബര്‍ 30ന് ആദ്യത്തെ കൗണ്‍സില്‍ നിലവില്‍ വരികയും ചെയ്തു. വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും വളരെ മുന്നിട്ട് നിന്നിരുന്ന ഇരിങ്ങാലക്കുടക്കാര്‍ തങ്ങളുടെ സമഗ്രപുരോഗതിക്ക് ഇവിടെ തദ്ദേശ സ്വയംഭരണം സ്ഥാപിച്ചുകിട്ടുവാന്‍ മഹാരാജാവിനോടും ദിവാന് ആര്.കെ. ഷണ്മുഖം ചെട്ടിയാരോടും ആവശ്യപ്പെട്ടതോടെയാണ് നഗരസഭാ രൂപീകരണത്തിന് തുടക്കം കുറിച്ചത്.
പ്രജാക്ഷേമതല്പരരായിരുന്ന മഹാരാജാവും ദിവാനും ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ഒരു നഗരസഭയായി പ്രഖ്യാപിക്കുകയാണുണ്ടായത്. 1936 ഫെബ്രുവരി എട്ടാം തിയതിയിലെ 355 ാം നമ്പ്ര് ആയ ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് നോട്ടിഫിക്കേഷന്‍ വഴിയാണ് കൊച്ചി രാജ്യത്തിലെ മൂന്നാമത്തേതും മുകുന്ദപുരം താലൂക്കിലെ ആദ്യത്തേതുമായ ഇരിങ്ങാലക്കുട നഗരസഭ നിലവില്‍ വന്നത്. അങ്ങനെ നിലവില്‍ വന്ന നഗരസഭയുടെ ആദ്യത്തെ ചെയര്‍മാനായി മുകുന്ദപുരം തഹസില്‍ദാര്‍ എം.എ. വറീത് അധികാരമേറ്റു.
ആദ്യചെയര്‍മാന്‍ എം.എ. വറീതിനു പുറമെ അഡ്വ.കെ.ഐ. വാറുണ്ണി, കെ.ഐ. മാത്യു, എം.എഫ്. വര്‍ഗീസ്, എന്‍.എസ്. രാമകൃഷ്ണയ്യര്‍, പി.ആര്. സംഗമേശ്വരയ്യര്, അഡ്വ.വി.കെ. ഭാസ്കരന്മേനോന്, അഡ്വ.വി. രാമന് മേനോന്, പി.എം. ഗംഗാധരന്മേനോന്, അഡ്വ.എ.എന്‍. അന്തോണി, കെ.പി. ലോനപ്പന്, കെ.എന്‍. കുഞ്ഞുവറീത്, എം.ടി. ചാക്കോ, ജോര്‍ജ് ആട്ടോക്കാരന്, ഇ.എം. ഹരിഹരന്, പി.എം. ഷേക്ക്ഹുസ്സൈന് സാഹിബ് എന്നിവരും സാമാജികന്മാരായിരുന്നു. 1937 മാര്‍ച്ച് 9 ന് ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ് ബാങ്ക് വക കെട്ടിടത്തിലാണ് ആദ്യം മുനിസിപ്പല്‍ ആഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.
1938 നവംബര്‍ 23 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ആദ്യമായി നഗരസഭാധ്യക്ഷനെ തെരഞ്ഞെടുപ്പില്‍ കൂടി അവരോധിച്ചത്. അഡ്വ.കെ.എ. വാറുണ്ണി ആണ് ഇരിങ്ങാലക്കുട നഗരസഭയുടെ ആദ്യ്തെ തെരഞ്ഞെടുക്കപ്പെട്ട ചെയര്മാന്. കൗണ്‍സിലിന്റെ തുടക്കത്തില്‍ തന്നെ പുതിയ മരാമത്തു പണികള്‍ക്ക് വളരെ പ്രാധാന്യം കല്പിച്ചിരുന്നു. ഒരു പൊതുകളിസ്ഥലവും ട്രഞ്ചിംഗ് ഗ്രൗണ്ടും അക്വയര്‍ ചെയ്യാനുള്ള നടപടികള്‍ 1939 ല്‍ തന്നെ ആരംഭിച്ചു. ആ വര്‍ഷം തന്നെ ഇരിങ്ങാലക്കുടയെ കൊച്ചി തുറമുഖവുമായി ബന്ധപ്പെടുത്തുവാന്‍ ഷണ്മുഖം കനാലിന്റെ പണി ആരംഭിച്ചു.
1940 ജൂണ്‍ മൂന്നിന് ദിവാന് ഷണ്മുഖം ചെട്ടിയാര്‍ കനാലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നീട് ഈ ജലഗതാഗതമാര്‍ഗം പല കാരണങ്ങളാലും ഉപേക്ഷിക്കപ്പെട്ടുവെങ്കിലും അന്ന് അത് ധീരമായ ഒരു നടപടിയായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ട് 1941 ല്‍ തന്നെ ടൗണിന്റെ പുറത്ത് പൊറത്തിശേരി പഞ്ചായത്തില്‍ അഞ്ചരയേക്കര്‍ സ്ഥലം വാങ്ങി അവിടേക്ക് മാറ്റി സ്ഥാപിച്ചു എന്നത് ഒരു വലിയ നേട്ടമാണ്. 1954 മെയ് 13 ന് മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് മുനിസിപ്പല്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനകര്‍മം നടത്തിയത്.
1957 നവംബര്‍ 14 ന് ശിശുദിനത്തില്‍ കറിപ്പബ്ലിക്കല് പാര്‍ക്കില്‍ കുട്ടികളുടെ പാര്‍ക്ക് കൂടി ഉദ്ഘാടനം ചെയ്തു. 1953 ല്‍ രൂപീകൃതമായ പൊറത്തിശേരി ഗ്രാമപഞ്ചായത്് ഇപ്പോള്‍ നഗരസഭയുടെ ഭാഗമായിരിക്കുകയാണ്. മുന്‍മന്ത്രി പി.കെ. ചാത്തന് മാസ്റ്ററായിരുന്നു പൊറത്തിശേരി ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ്. എം.പി. ജാക്സണ് ചെയര്‍മാനായിരുന്ന കാലഘട്ടത്തില്‍ 2010 ആഗസ്റ്റ് 15 നാണ് നവീകരിച്ച നഗരസഭാമന്ദിരം ഉദ്ഘാടനം ചെയ്തത്.
അഡ്വ.കെ.ഐ. വാറുണ്ണി, എന്‍.എസ്. രാമകൃഷ്ണന്, വി. രാമന്മേനോന്, എം.പി. കൊച്ചുദേവസി, കെ.പി. ജോണ്‍ കണ്ടംകുളത്തി, ടി.ടി. ജോണ്‍, എം.സി. പോള്‍, അഡ്വ.എ.പി. ജോര്‍ജ്, വി.കെ. രാമന് മാസ്റ്റര്‍, എം.പി. ജാക്സണ്, അഡ്വ.ടി.ജെ. തോമസ്, പ്രഫ. റോസ് വില്യംസ്, ഇ.എം. പ്രസന്നന്, കെ.സി. കുഞ്ഞിരാമന്, റാഫേല്‍ സെബാസ്റ്റ്യന്‍, സി. ഭാനുമതി, ബീവി അബ്ദുള്‍കരീം, മിനി സണ്ണി മാമ്പിള്ളി, സോണിയ ഗിരി, ബെന്‍സി ഡേവിഡ്, മേരിക്കുട്ടി ജോയ്, നിമ്യ ഷിജു, സുജ സഞ്ജീവ് കുമാര്‍ എന്നിവരാണ് നഗരസഭയിലെ മുന്‍ ചെയര്മാന്മാര്.
എം.പി. ജാക്സണ് ചെയര്‍മാനും ചിന്ത ധര്മരാജന് വൈസ് ചെയര്‍പേഴ്സണുമായാണ് ഇപ്പോഴത്തെ നഗരസഭാ കൗണ്‍സില്‍ ഭരണം. സാമൂഹ്യപ്രതിബദ്ധതയും അസമത്വത്തിനും അനീതിക്കുമെതിരായ ചെറുത്തുനില്‍പ്പുകളും ഇവിടത്തെ മണ്ണില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്ജ്വല രിത്രത്തില്‍ അവിസ്മരണീയമായ പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ ഈ പട്ടണത്തിന് കഴിഞ്ഞിട്ടുണ്ട്.
നവതി ആഘോഷങ്ങള്‍ക്ക് നാളെ തിരി തെളിയും – എംപി ജാക്സണ് (നഗരസഭ ചെയര്മാന്)

നഗരസഭയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന നവതി ആഘോഷങ്ങള്‍ക്ക് നാളെ രാവിലെ 10.30 ന് തിരിതെളിയും. ഒരോ മാസവും പരിപാടികള്‍ ആസൂത്രണം ചെയ്തീട്ടുണ്ട്. വികസനം, സൗന്ദര്യ വല്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. 1001 പേരുടെ സംഘാടക സമിതി രൂപീകരിച്ചീട്ടുള്ളതായും ചെയര്മാന് എം.പി ജാക്സണ് അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തില്‍ അമ്പുതിരുനാള്‍ ഇന്നും നാളെയും
ലിസ്യു കോണ്‍വെന്റ് സ്കൂള്‍ വാര്‍ഷികാഘോഷം
ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളിന്റെ വാര്‍ഷികാഘോഷം
വാരിയര്‍ സമാജം സ്ഥാപിത ദിനാഘോഷം