തളിയക്കോണം തുറുകായ് കുളത്തില്‍35 ലക്ഷം രൂപയുടെ നവീകരണം ഉദ്ഘാടനം ചെയ്തു
മാപ്രാണം: അധികൃതരുടെ അവഗണന മൂലം പുല്ലും ചണ്ടിയും നിറഞ്ഞ് കാടുകയറി കിടന്നിരുന്ന ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലുള്ള തളിയക്കോണം തുറുകായ് കുളത്തിനു ഒടുവില്‍ ശാപമോക്ഷമാകുന്നു. നഗരസഭ 35ാം വാര്‍ഡില്‍ കല്ലട റോഡിനോടു ചേര്‍ന്നുള്ള കുളം നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം 2019-20, 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ വകയിരുത്തിയാണു കുളം നവീകരിക്കുന്നത്. ഒരേക്കറോളം വിസ്തൃതിയിലുള്ള ഈ കുളം പ്രദേശത്തെ ജനങ്ങളുടെ ജലസ്രോതസുകൂടിയായിരുന്നു. വര്‍ഷങ്ങളോളം കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന കുളം ശബരിമല ദര്‍ശനകാലത്തു തീര്‍ഥാടകരും ഉപയോഗിച്ചിരുന്നു. കുളം നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇരുപതിലേറെ വീടുകളിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാകും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. പൊറത്തിശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജു മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്നായര്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കുരിയന്‍ ജോസഫ്, വത്സല ശശി, അബ്ദുള്‍ ബഷീര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.എസ്. പ്രസാദ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കൈയേറ്റങ്ങള്‍ ഒഴിവാക്കി തുറുകായ് കുളത്തിന്റെ ചുറ്റിലും കരിങ്കല്‍ ഭിത്തി കെട്ടിയാണു സംരക്ഷിക്കുന്നതെന്നും കൈയേറ്റങ്ങള്‍ ഒഴിവാക്കാന്‍ സമയമെടുത്തതാണു പ്രവൃത്തികള്‍ തുടങ്ങാന്‍ വൈകിയതെന്നും വാര്‍ഡ് കൗണ്‍സിലര്‍ വത്സല ശശി പറഞ്ഞു.