കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറേ നടപ്പുര നവീകരിക്കാന്‍ തീരുമാനം
ഇരിങ്ങാലക്കുട: ജീര്‍ണാവസ്ഥയിലുള്ള കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുര നവീകരിക്കാന്‍ തീരുമാനം. ദേവസ്വം ഭരണസമിതിയുടെയും ഭക്തജനങ്ങളുടെയും യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറേ ഗോപുരം നവീകരണമാതൃകയില് നടപ്പുര നവീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍ നവീകരണസമിതിയോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ക്കുശേഷം അടുത്ത യോഗത്തില്‍ തീരുമാനമാകും. പടിഞ്ഞാറേ നടപ്പുരയുടെ പുനരുദ്ധാരണപ്രവൃത്തികള്‍ക്ക് സാമ്പത്തികബുദ്ധിമുട്ട് വരുന്ന സാഹചര്യത്തില്‍ ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു. നടപ്പുര നവീകരണത്തിന്റെ വിശദമായ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി 11-ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. മേല്‍ക്കൂര തകര്‍ന്നുവീഴാതിരിക്കാന്‍ പടിഞ്ഞാറേ നടപ്പുര ഓലമേഞ്ഞാണ് നിര്‍ത്തിയിരിക്കുന്നത്. ഇതിന്റെ കേടായ ഉത്തരവും കഴുക്കോലുകളും പട്ടികകളുമടക്കമുള്ളതെല്ലാം മാറ്റി പുതിയത് സ്ഥാപിക്കണം. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിപ്പണിയാനായിരുന്നു ദേവസ്വം തീരുമാനം. എന്നാല്‍ പദ്ധതിക്ക് അനുമതി കിട്ടാന്‍ വൈകുന്ന സാഹചര്യത്തിലാണ് ഭക്തജനങ്ങളുടെ സഹായത്തോടെ നടപ്പുര പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നരക്കോടി രൂപയോളം ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഉഷാ നന്ദിനി, ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.