വളം വില്പന ശാലക്കു പൂട്ടു വീണിട്ട് മൂന്നു വര്‍ഷം; പെരുവഴിയിലായി കര്‍ഷകര്‍ വളം ഇരട്ടി വില കൊടുത്ത് വാങ്ങേണ്ട അവസ്ഥ
കരുവന്നൂര്‍: മേഖലയിലെ കര്‍ഷകര്‍ക്ക് വളവും മറ്റ് അസംസ്കൃത വസ്തുക്കളും സബ്സിഡി നിരക്കില്‍ ലഭിക്കാന്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ആരംഭിച്ച വളം വില്പനശാല പൂട്ടിയിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. പൊറത്തിശേരി കാര്‍ഷികമേഖലയിലെ വളം ക്ഷാമം പരിഹരിക്കാന്‍ ബാങ്കിന് കീഴിലുള്ള വളം ഡിപ്പോ തുറക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വേണ്ടത്ര സ്റ്റോക്കില്ലാതായതോടെയാണ് ഇതടച്ചത്. പ്രവര്‍ത്തനം നിലച്ചതോടെ വളം ഡിപ്പോയുടെ സമീപം കാടുകയറി. ബാങ്ക് പ്രതിസന്ധിയിലായതോടെ വളം ഡിപ്പോയും മുന്നറിയിപ്പില്ലാതെ പൂട്ടുകയായിരുന്നെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
അരനൂറ്റാണ്ടായി പഴയ പൊറത്തിശേരി പഞ്ചായത്ത് പ്രദേശത്തെ കാര്‍ഷിക മേഖലകളായ മൂര്‍ക്കനാട്, കരുവന്നൂര്‍, പൊറത്തിശേരി, മാടായിക്കോണം, ചാത്തറാപ്പ് പ്രദേശങ്ങളിലെ കര്‍ഷകര്‍ വളത്തിനും കീടനാശിനികള്‍ക്കും മറ്റ് കാര്‍ഷിക സേവനങ്ങള്‍ക്കും ആശ്രയിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. വളം ഡിപ്പോ ഇല്ലാതായതോടെ തെങ്ങ്, കവുങ്ങ്, ജാതി, പച്ചക്കറി, നെല്‍കൃഷി മുതലായ കര്‍ഷകര്‍ ആവശ്യമായ വളവും കീടനാശിനികളും കിട്ടാതെ ഇവയെല്ലാം പുറത്തുനിന്ന് ഇരട്ടി വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
നെല്‍കൃഷിക്കുവേണ്ട കുമ്മായം, മറ്റ് അസംസ്കൃത വളങ്ങള്‍ എന്നിവയ്ക്ക് പ്രദേശത്ത് ക്ഷാമം നേരിടുകയാണ്. എഫ്എസിടിയുടെ ഏജന്‍സിയും കാര്‍ഷിക സബ്സിഡിയുടെ നോഡല്‍ ഏജന്‍സിയും ഈ വളം വില്പനശാലയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതുമൂലം കര്‍ഷകര്‍ക്ക് കിട്ടേണ്ട സബ്സിഡിയും നഷ്ടപ്പെടുകയാണ്. പ്രദേശത്തെ കര്‍ഷകരുടെ വളം പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥലം എംഎല്‍എയും കൃഷിവകുപ്പും ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.