വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്, തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: ചരിത്ര പ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിനു തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍ ഭക്തിസാന്ദ്രം. ഇന്നലെ രാവിലത്തെ ദിവ്യബലിക്കു ശേഷം വീടുകളിലേക്കു അമ്പെഴുന്നള്ളിപ്പു നടന്നു. വീടുകളുടെ മുന്‍വശം അലങ്കരിച്ച പിണ്ടികള്‍, കൊടിതോരണങ്ങള്‍ എന്നിവ കൊണ്ടു വര്‍ണാഭമാക്കിയിരുന്നു. പിണ്ടികളില് സ്ഥാപിച്ചിരുന്ന മണ്‍ചിരാതുകള്‍ തെളിയിച്ചും ദീപാലങ്കാരങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ഭക്തിയുടെ നിറവിലാണു വിശുദ്ധന്റെ തിരുസ്വരൂപം ഭക്തര്‍ വീടുകളിലേക്കു ആനയിച്ചത്. കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നള്ളിച്ച് വെക്കലിന് ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നള്ളിച്ചു വെക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ് എന്നീ തിരുകര്‍മങ്ങള്‍ക്കു മുന്‍ വികാരി ഫാ. ജോയ് കടമ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം ഭക്തജനങ്ങള്‍ക്കു ദര്‍ശന പുണ്യം പകര്‍ന്നാണു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണമായി പള്ളിചുറ്റി നേര്‍ച്ച പന്തലില്‍ പ്രതിഷ്ഠിച്ചത്.