കുട്ടന്‍കുളം സംരക്ഷണഭിത്തി നിര്‍മാണത്തിനും കുളത്തിന്റെ നവീകരണത്തിനും ഭരണാനുമതി
നവീകരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടന്‍കുളം നവീകരണത്തിനും സംരക്ഷണഭിത്തി നിര്‍മാണ പ്രവൃത്തികള്‍ക്കും ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ തുക ഉപയോഗിച്ച് കുളം ഏറ്റവും ആധുനികമായ രീതിയില്‍ നവീകരിക്കും. കുട്ടന്‍കുളത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്തു കൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണ പ്രവൃത്തി. സാങ്കേതികാനുമതിക്കുള്ള എസ്റ്റിമേറ്റിന് എത്രയും വേഗം അംഗീകാരം ലഭ്യമാക്കും. നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. 2021 മെയ് 16 നാണ് കനത്ത മഴയില്‍ കുളത്തിന്റെ തെക്കേമതില്‍ തകര്‍ന്നു വീണത്. തുടര്‍ന്ന് ദേവസ്വത്തിന്റെ നേത്യത്വത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചും വേലികളും ഷീറ്റും സ്ഥാപിച്ചും താത്കാലിക സംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിരിക്കുകയാണ്.