ഇരിങ്ങാലക്കുട സുഭിക്ഷ ഹോട്ടല്‍ നാളെ ആരംഭിക്കും
ഇരിങ്ങാലക്കുട: വിശപ്പുരഹിത കേരളം പദ്ധതിപ്രകാരം ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ നാളെ തുറക്കും. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്-ഠാണാ റോഡില്‍ തെക്കേ അങ്ങാടിയില്‍ മുകുന്ദപുരം ഓട്ടോ സര്‍വീസ് സൊസൈറ്റി കെട്ടിടത്തിലാണു ഹോട്ടല്‍ ആരംഭിക്കുന്നത്. സിവില്‍ സപ്ലൈസും ഓട്ടോ സര്‍വീസ് സൊസൈറ്റിയും സംയുക്തമായാണു ഹോട്ടല്‍ ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി. നാളെ ആരംഭിക്കുന്ന ഹോട്ടലില്‍ ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍, പപ്പടം, രസം/മോര് എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണത്തിനു 20 രൂപയാണ് ഈടാക്കുക. രാവിലത്തെയും വൈകീട്ടത്തെയും ചായ, ചെറുകടികള്‍, മറ്റ് ഭക്ഷണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള സുഭിക്ഷാ കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് ഈടാക്കുക. ഇതു ഹോട്ടല്‍ ആരംഭിച്ചതിനുശേഷം മാത്രമെ തീരുമാനിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ രണ്ടിടത്തുമാത്രമാണു വിശപ്പുരഹിത കേരളം പദ്ധതിപ്രകാരം ഹോട്ടലുകള്‍ ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുന്നംകുളത്തും കയ്പമംഗലം നിയോജകമണ്ഡലത്തില്‍ പെരിഞ്ഞനത്തുമാണിവ സ്ഥാപിച്ചിരിക്കുന്നത്. നാളെ രാവിലെ 11.30 നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഹോട്ടല്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ഐഎഎസ് മുഖ്യാതിഥിയായിരിക്കും. മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണ സംഘം പ്രസിഡന്റ് സി.എം. ഷക്കീര്‍ ഹുസൈന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആന്‍ഡ് സുഭിക്ഷ കമ്മിറ്റി ചെയര്മാന് റെജി പി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുനാള്‍
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
ബാറില്‍ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ