ടെക്ലെടിക്സ് 2022 നു വര്‍ണാഭമായ സമാപനം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സംഘടിപ്പിച്ച രണ്ടാമത് ദേശീയ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ‘ടെക്ലെടിക്സ് 2022’ നു വര്‍ണാഭമായ പരിസമാപ്തി. എംസിപി കണ്വന്ഷന് സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ സിഎംഐ ദേവമാതാ പ്രൊവിന്‍സിന്റെ സുപ്പീരിയര്‍ ഫാ. ഡേവിസ് പനക്കല്‍ സിഎംഐ മുഖ്യാതിഥിയായിരുന്നു. ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി അരങ്ങേറിയ 120 ഓളം ഇവന്റുകളടങ്ങിയ ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റിവലിനാണു തിരശീല വീണത്. ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് സിതാര കൃഷ്ണകുമാര്‍, സച്ചിന് വാര്യര്‍ തുടങ്ങിയവര്‍ അണിനിരന്ന പ്രൊജക്ട് മലബാറിക്സ് ഗാനമേള, എംജെ ഫൈവ് ടീമിന്റെ ഡാന്‍സ് ഷോ, ജൂലിയ ബ്ലിസ് നയിച്ച ഡീജെ ഷോ എന്നിവയടങ്ങിയ കലാസന്ധ്യ ഒരുക്കി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ സിതാര കൃഷ്ണകുമാര്‍, സച്ചിന് വാര്യര്‍, ചേതന മ്യുസിക് അക്കാദമി ഡയറക്ടര്‍ ഫാ. തോമസ് ചക്കാലമറ്റം എന്നിവരെ ആദരിച്ചു. പ്രിയോര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡീ. ജോണ്‍ എന്നിവര്‍ സന്നിഹിതരായി. ഡോ. അരുണ്‍ അഗസ്റ്റിന്, ടി.ആര്. രാജീവ്, വിദ്യാര്‍ഥികളായ എം.എം. അബ്ദുല്‍ അഹദ്, സി.ജി. ദേവപ്രിയ, ആസിം ഷക്കീര്‍ എന്നിവര്‍ ചേര്‍ന്ന സംഘാടകസമിതിയാണു നേതൃത്വം നല്കിയ ടെക്ലെടിക്സ് 2022 നു നേതൃത്വം നല്‍കിയത്.