അഡ്വ. കെ.ജി. അനില്‍കുമാറിന് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഡയറക്ടര്‍മാരും ജീവനക്കാരും സ്വീകരണം നല്കി
ഇരിങ്ങാലക്കുട: ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വിശ്വസ്ത സേവന പാരമ്പര്യത്തിന്റെ ജൈത്രയാത്രയില്‍ മറ്റൊരു നാഴികക്കല്ലുകൂടിയായ ഇന്ത്യന്‍ ക്യൂബന്‍ ട്രേഡ് കമ്മിഷണറായി നിയമിതനായ അഡ്വ. കെ.ജി. അനില്‍കുമാറിന് ഐസിഎല്‍ ഫിന്‍കോര്‍പ് ഡയറക്ടര്‍മാരും ജിവനക്കാരും ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി. കഴിഞ്ഞ ദിവസം ഇന്ത്യക്യൂബ ബിസിനസ് ഫോറം തിരുവനനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് റിപ്പബ്ലിക് ഓഫ് ക്യൂബന്‍ അംബാസിഡറായ അലേജന്ഡ്രോ സീമാന്‍സ് മാരിന് അഡ്വ. കെ.ജി. അനില്‍കുമാറിനെ ഔദ്യോഗികമായി എല്എസിഎഫ്ഐ ഇന്ത്യന്‍ ക്യൂബന്‍ ട്രേഡ് കമ്മിഷണറായി നിയമിച്ചത്. ഇരിങ്ങാലക്കുടയിലെ ഐസിഎല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് സിഇഒ ഉമ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സേലം
ഈറോഡ് ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടര്‍ ശശിധരന് വെളിയത്ത്, സിഎഫ്ഒ മാധവന്‍കുട്ടി തെക്കേടത്ത്, എജിഎം ടി.ജി. ബാബു, എച്ച്ആര്‍ മാനേജര്‍ സാം എസ്. മാളിയേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ഫെഡറേഷന് ഇന്ത്യയുടെ ഇന്ത്യന്‍ ക്യൂബന്‍ ട്രേഡ് കമ്മിഷണര്‍ എന്ന നിലയില്‍ ഇന്ത്യയും ക്യൂബയും തമ്മിലുളള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അഡ്വ. കെ.ജി. അനില്‍കുമാര്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യക്യൂബ വ്യാപാരബന്ധം അനിവാര്യമാണെന്നും, അത് ഇരു രാജ്യങ്ങള്‍ തമ്മിലുളള വ്യാപാര, ഐടി, മറ്റു ഇതര മേഖലകളെ പിന്തുണയ്ക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്താന്‍ കഴിയുമെന്നും, ക്യൂബയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദം ശ്രേഷ്ഠമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.