ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ ഇരട്ട കപ്പേളക്കു സമീപം ബസില്‍നിന്ന് തെറിച്ചുവീണ് വയോധികയ്ക്കു പരിക്ക്
ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നും തെറിച്ചുവീണ് വയോധികക്കു പരിക്കേറ്റു. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് കനാല്‍ബേയ്സിനു സമീപം പുളിയത്തുവീട്ടില് അലില്സന്റെ ഭാര്യ റോസിലി(60)ക്കാണു പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30ന് ഇരട്ട കപ്പേളയ്ക്കു സമീപമുള്ള വളവിലാണ് അപകടം സംഭവിച്ചത്. മാള-തൃശൂര്‍ റൂട്ടിലോടുന്ന ശിവം എന്ന സ്വകാര്യ ബസില്‍നിന്നാണു വയോധിക തെറിച്ചുവീണത്. അമിത വേഗതയിലായിരുന്ന ബസിന്റെ ഡോറുകള്‍ തുറന്നിട്ട നിലയിലായിരുന്നു. ഇതാണ് ബസില്‍ നിന്നും വയോധിക തെറിച്ചുവീഴുവാന് കാരണമായതെന്നു യാത്രക്കാര്‍ പറയുന്നു.
റോസിലി തെറിച്ചു വീണ ഉടനെ മറ്റു യാത്രക്കാര്‍ ബഹളംവച്ചതോടെ ബസ് നിര്‍ത്തുകയായിരുന്നു. അല്ലെങ്കില്‍ ബസിന്റെ പിന്‍ചക്രം കയറി വലിയൊരു അപകടം സംഭവിച്ചേനെ.
റോസിലിയെ ബസ് ജീവനക്കാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. റോസിലിയുടെ തലക്കും കൈക്കും നട്ടെല്ലിനുമാണു പരിക്കു പറ്റിയിരിക്കുന്നത്. തലയില്‍ ഒമ്പതു തുന്നലുകളുണ്ട്. കൈ ഒടിഞ്ഞിട്ടുണ്ട്. നട്ടെല്ലിനു ചിന്നലും സംഭവിച്ചിട്ടുണ്ട്. പുല്ലൂര്‍ ആശുപത്രില്‍ ചികിത്സയിലിരുന്ന ഭര്‍ത്താവ് അലില്സന് മരുന്നു വാങ്ങിക്കുവാന്‍ ഇരിങ്ങാലക്കുടയിലേക്കു വരികയായിരുന്നു റോസിലി. അപകടം സംഭവിച്ചയുടനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയിലേക്കു റോസിലിയെ മാറ്റിയിട്ടുണ്ട്. മക്കളില്ലാത്ത ഇവര്‍ക്ക് അലിന്സന്റെ തയ്യല്‍ തൊഴിലായിരുന്നു ഏക ഉപജീവന മാര്‍ഗം. ബന്ധുക്കളാണ് ആശുപത്രിയില്‍ ഇവരെ പരിചരിക്കുന്നത്.