പുല്ലൂര്‍ കശുവണ്ടി കമ്പനി തൊഴിലാളികള്‍ പണിമുടക്ക് നടത്തി

പുല്ലൂര്‍ കശുവണ്ടി തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കമ്പനിപ്പടിക്കല്‍ പണിമുടക്ക് സമരം നടത്തുന്നു.
ഇരിങ്ങാലക്കുട: പുല്ലൂര്‍ കശുവണ്ടി കമ്പനി തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് സൂചന പണിമുടക്ക് നടത്തി. മിനിമം കൂലി 600 രൂപയാക്കുക, വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുക, ഇഎസ്ഐ ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കമ്പനി പടിക്കല്‍ നടത്തിയ സമരം കെ.കെ. ശിവന് ഉദ്ഘാടനം ചെയ്തു. പി.ആര്. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍, ഐഎന്‍ടിയുസി നേതാവ് ജോമി ജോണ്‍, പഞ്ചായത്തംഗങ്ങളായ സേവിയര്‍ ആളുക്കാരന്‍, കെ.പി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. ഐഎന്‍ടിയുസി യൂണിയന് പ്രസിഡന്റ് ഗംഗാദേവി സുനില്‍ സ്വാഗതവും സിഐടിയു നേതാവ് കെ.കെ. ദിവാകരന് നന്ദിയും പറഞ്ഞു.