ദുരിതബാധിതരെ കാണാനല്ല, മുതലാളിമാര്ക്കൊപ്പം പ്രഭാതഭക്ഷണംകഴിക്കാനാണ് നവകേരള സദസ് നടത്തുന്നത്: കെ. മുരളീധരന് എംപി
ഇരിങ്ങാലക്കുട: ദുരിതബാധിതരെ കാണാനല്ല, മുതലാളിമാര്ക്ക് പ്രഭാതഭക്ഷണം നല്കാനാണ് നവകേരള സദസ് നടത്തുന്നതെന്ന് കെപിസിസി മുന് പ്രസിഡന്റ് കെ. മുരളീധരന് എംപി. കരുവന്നൂര് സഹകരണ ബാങ്കിലെ മുഴുവന് നിക്ഷേപകര്ക്കും പണം തിരിച്ചുനല്കണമെന്ന് ആവശ്യപ്പെട്ട് പൊറത്തിശേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് ടി.എന്. പ്രതാപന് എംപി ബാങ്ക് പരിധിയില് നടത്തുന്ന ഏകദിന പദയാത്ര കരുവന്നൂര് ബംഗ്ലാവ് സെന്ററില് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാസര്കോഡ് എൻഡോസള്ഫാന് ബാധിച്ച് മുട്ടിലിഴയുന്ന കുട്ടികളെ പോലും കാണാന് മനസുകാണിക്കാതെ മുതലാളിമാര്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതാണ് നവകേരള സദസ്. കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് ഇഡിയുടെ മെല്ലെപ്പോക്കിന് പിന്നില് കേന്ദ്രസംസ്ഥാന സര്ക്കാരുകള് തമ്മിലുള്ള രഹസ്യ ധാരണയാണ്. ഈ രഹസ്യധാരണ വ്യക്തമാക്കുന്നതാണ് ലാവ്ലിന് കേസ് മാറ്റിവക്കുന്നതില് നിന്നും മനസിലാകുന്നത്. ജനങ്ങളെയും കര്ഷകരെയും സഹകാരികളെയും ദ്രോഹിച്ച സര്ക്കാരാണ് ഇപ്പോഴുള്ളത്.
കരുവന്നൂര് ബാങ്ക് തട്ടിപ്പില് ആകെ ഒരു കൗണ്സിലര്ക്ക് എതിരെ മാത്രമാണ് ഇതുവരെ ഇഡി നടപടി എടുത്തത്. ബാക്കി ഒക്കെ ചോദ്യം ചെയ്യലില് ഒതുങ്ങിയെന്നും ചോദ്യം ചെയ്യപ്പെടുന്ന സിപിഎം നേതാക്കള്ക്കൊക്കെ തലകറക്കവും ക്ഷീണവുമാണ്. ഇഡി കൊല്ലാന് വരുന്നു എന്നാണ് സിപിഎം പറയുന്നത്. ഞങ്ങള്ക്കും ഇഡിയെക്കുറിച്ച് പരാതിയുണ്ട്. പക്ഷേ കേരളത്തില് കരുവന്നൂരില് മാത്രമേ ഇഡി കയറിയിറങ്ങുന്നുള്ളൂ. കയറേണ്ട സ്ഥലം സെക്രട്ടറിയേറ്റ് ആണ്. സ്വര്ണക്കടത്ത് കേസില് ഇഡി ഒരു ഇടപെടലും നടത്തിയില്ല. പിണറായി വിജയന് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ അന്തകനാണെന്നും കഴിഞ്ഞ രണ്ടര വര്ഷത്തിനുള്ളില് മോദിയുടെയും അമിത്ഷായുടെയും പേര് ഉച്ചരിക്കാത്ത എക രാഷ്ട്രീയ നേതാവ് പിണറായി ആണെന്നും കെ. മുരളീധരന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ജോസ് വളളൂര് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്പേഴ്സണ് സുജ സഞ്ജീവ്കുമാര്, മുന് കെപിസിസി ജനറല് സെക്രട്ടറി എം.പി. ജാക്സന്, മുന് എംഎല്എ അനില് അക്കര, മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, സോണിയ ഗിരി, നഗരസഭ വൈസ് ചെയര്മാന് ടി.വ. ചാര്ളി, ബ്ലോക്ക് പ്രസിഡന്റുമാരായ ഷാറ്റോ കുരിയന്, സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്, യൂത്ത് കോണ്ഗ്രസ് മുന് സംസ്ഥാന സെക്രട്ടറി ശോഭ സുബിന് തുടങ്ങിയവര് പ്രസംഗിച്ചു.