കനത്ത മഴയില് മുങ്ങി താഴ്ന്നപ്രദേശങ്ങള്; മുകുന്ദപുരം താലൂക്കില് ഏഴിടത്ത് ദുരിതാശ്വസ ക്യാമ്പുകള്
ഇരിങ്ങാലക്കുട: കനത്ത മഴയില് താഴ്ന്ന പ്രദേശങ്ങള് വെള്ളക്കെട്ടിലായതോടെ മുകുന്ദപുരം താലൂക്കല് ഏഴ് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. കാറളം, കാട്ടൂര്, മനവലശേരി, ഇരിങ്ങാലക്കുട, പറപ്പൂക്കര, തൊട്ടിപ്പാള്, പുല്ലൂര് എന്നീ വില്ലേജുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നിരിക്കുന്നത്. തുടരുന്ന മഴ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. പെയ്ത്തുവെള്ളത്തോടൊപ്പം കരുവന്നൂര് പുഴയില് വെള്ളം ഉയര്ന്നതോടെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി. കരുവന്നൂര് പുഴയില് ജലനിരപ്പ് ഉയര്ന്നതോടെ പുഴയുടെ സമീപമുള്ള വീടുകളിലേക്ക് വെള്ളംകയറി.
കാലവര്ഷം ശക്തിപ്രാപിക്കുന്നതിനുമുന്പേ ഇല്ലിക്കല് റെഗുലേറ്ററിലെ ഷട്ടറുകള് ഉയര്ത്താനുണ്ടായ കാലതാമസമാണ് സമീപപ്രദേശങ്ങളിലേക്ക് വെള്ളം കയറാന് കാരണമെന്ന് പ്രദേശവാസികള് കുറ്റപ്പെടുത്തുന്നു. ഇല്ലിക്കല് റെഗുലേറ്ററിന്റെ എട്ടു ഷട്ടറുകള് ഇറിഗേഷന് തുറന്നിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ബാക്കി ഷട്ടറുകള്ക്കൂടി ഉയര്ത്തണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു. കരുവന്നൂര് പുഴയില്നിന്ന് വെള്ളം വരുന്ന പൈങ്കിളിത്തോടിനും നീരോലിത്തോടിനും താത്കാലിക ഷട്ടറുകള് ഉള്ളതാണ്. അവയും പൂര്ണമായി തുറന്നിട്ടില്ല.
കാട്ടൂര് പഞ്ചായത്തില് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്ന്ന് കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഒമ്പത് കുടുംബങ്ങളാണ് ഈ ക്യാമ്പില് കഴിയുന്നത്. മുനയം, കരാഞ്ചിറ, കാട്ടൂര് ചെമ്പന്ചാല് എന്നിവടങ്ങളിലുള്ളവരാണിവര്. പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. മധുരംപ്പിള്ളി, മുനയം, പറയന് കടവ്, കരാഞ്ചിറ, ചെമ്പന്ചാല് എന്നിവടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായുള്ളശത്. 30 ഓളം വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
പഞ്ചായത്തധികൃതരും ജനപ്രതിനിധികളും വെള്ലക്കട്ട് രൂക്ഷമായ സ്ഥലങ്ങള് സന്ദര്ശിച്ചു. കാറലം എല്പി സ്കൂളില് പത്ത് കുടുംബങ്ങളാണ് ദുരിതശ്വാസ ക്യാമ്പില് കഴിയുന്നത്. കാറളം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്ഡുകള് ഉള്പ്പെട്ട ആലുക്കക്കടവ്, ചെങ്ങാനിപ്പാടം നന്തി പ്രദേശങ്ങളിലെ ഇരുപതോളം കുടുംബങ്ങള് വെള്ളക്കെട്ടിലായി. എട്ടോളം കുടുംബങ്ങള് ബന്ധുവീടുകളിലേക്ക് മാറി. ഇരിങ്ങാലക്കുട ജവഹര് കോളനിയില് പകല്വീടിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. രണ്ട് കുടുംബങ്ങളാണ് ഇവിടെയുള്ളത്.
മനവലശേരി വില്ലജില് താണിശേരി ലിറ്റില് ഫഌവര് സ്കൂളില് ആരംഭിച്ച ക്യാമ്പില് മൂന്നു കുടുംബങ്ങളുണ്ട്. ഹരിപുരം പ്രദേശത്ത് വെള്ളം കയറിയതോടെയാണ് ഈ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. പുല്ലൂര് വില്ലേജില് ആനുരുളി അയ്യങ്കാളി സ്മാരക നിലയില് ആരംഭിച്ച ക്യാമ്പില് ഒരുകുടുംബമാണ് ഉള്ളത്. പൂമംഗലം പഞ്ചായത്ത് നാലാംവാര്ഡില് എലമ്പലക്കാട്ട് ക്ഷേത്രത്തിന്റെ കിഴക്ക് നാലു വീടുകളില് വെള്ളം കയറി. മൂന്നുവീട്ടുകാര് ബന്ധുവീടുകളിലേക്ക് മാറി. ഒരു വീട്ടുകാര് മാറിയിട്ടില്ല.
കൊറ്റംകോട് റെഗുലേറ്ററിന്റെ ഉയര്ത്താന് കഴിയാതെക്കിടന്ന മൂന്ന് ഷട്ടറുകള് ക്രെയിന് ഉപയോഗിച്ച് ഉയര്ത്തി. 12 ഷട്ടറുകളുള്ള റെഗുലേറ്ററിന്റെ ഒന്പത് ഷട്ടറുകള് നേരത്തെ തുറന്നിരുന്നു. കാട്ടൂര് അടിയന്തിര അവേലാകനയോഗം ചേര്ന്നു. വിലേജ് ഓഫീസര് ആശ ഇഗ്നേഷ്യസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു. അടിയന്തിര സാഹചര്യത്തില് 8547453383 എന്ന പഞ്ചായത്ത് കണ്ട്രോള് നമ്പറില് ബന്ധപ്പെടാവുന്നതാണെന്ന് അറിയിച്ചു.