ടി.എന്‍. നമ്പൂതിരി സ്മാരക അവാര്‍ഡ് എസ്.ജി. ഗോമസ് മാസ്റ്റര്‍ക്ക്
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവും, കലാ സാംസ്കാരിക നാടക പ്രവര്‍ത്തകനുമായിരുന്ന. ടി.എന്‍. നമ്പൂതിരിയുടെ സ്മരാണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് 2024 വര്‍ഷത്തില്‍ എസ്.ജി ഗോമസ് മാസ്റ്റര്‍ക്കു നല്കുവാന് ടി.എന്‍ സ്മാരക സമിതി തീരുമാനിച്ചതായി സമിതി പ്രസിഡന്റ് ഇ. ബാലഗംഗാധരനും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനും നിരവധി സ്കൂള്‍ കലാലയ ബാന്റ് സംഘങ്ങള്‍ക്ക് സംഗീത ശിക്ഷണം നടത്തിയ 96 കാരനായ ബാന്റ് ആചാര്യന് സംഗീതപോഷണരംഗത്ത് നല്കിയ സമര്‍പ്പിത സേവനം പരിഗണിച്ചാണ് ഇത്തവണ അവാര്‍ഡ് നല്‍കുന്നതെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
1926ല്‍ ജനിച്ച് 1981 ല്‍ അധ്യാപകവൃത്തിയില്‍ നിന്നും വിരമിച്ച ഗോമസ് മാസ്റ്റര്‍ നാല് വര്‍ഷം മുന്‍പുവരെ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ബാന്റ് സംഘങ്ങള്‍ക്ക് ശിക്ഷണവും പരിശീലനവും നല്‍കിയിരുന്നു. ബാന്റ് വാദ്യക്കാരായ സുഹൃത്തുക്കളില്‍ നിന്നും സ്വയം പഠിച്ച് ബാന്റ് സംഗീതം തലമുറകള്‍ക്ക് പകര്‍ന്നുകൊടുത്ത ഗോമസ് മാസ്റ്റര്‍ ഇരിങ്ങാലക്കുട താമസിച്ചുവരുന്നു. ആനന്ദപുരം സര്‍ക്കാര്‍ വിദ്യാലയത്തില്‍ അധ്യാപനം ആരംഭിച്ച മാസ്റ്റര്‍ നടവരമ്പ് ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെയാണ് സ്കൗട്ടിന്റെ ചുമതല ഏറ്റെടുത്ത് ആദ്യ ബാന്റ് സെറ്റിന് രൂപം നല്‍കിയത്. ദീര്‍ഘകാലം ഇരിങ്ങാലക്കുട ഗവ. ബോയസ് സ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് തുടര്‍ന്ന് സെന്റ് ജോസഫ്സ് കോളജ് ഉള്‍പ്പെടെ നൂറുകണക്കിനു ബാന്റ് സംഘങ്ങളുടെ ആചാര്യനായി.
ഗോമസ് മാസ്റ്ററുടെ ഭാര്യ റോസ 2010 ല്‍ വിട്ടുപിരിഞ്ഞ ശേഷം മകന് ജോസഫിനോടൊപ്പം ഇരിങ്ങാലക്കുട പഴയ കോടതിക്കു സമീപം താമസിച്ചുവരുന്നു. പുത്രിമാരായ ലീനയും മെറ്റിയും വിവാഹിതരാണ്.ഇന്ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കുന്ന ടി.എന്‍ നമ്പൂതിരിയുടെ 46-ാം ചരമവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് ഗോമസ് മാസ്റ്റര്‍ക്ക് സമര്‍പ്പിക്കും. മുന്‍ എംപിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി.എന്‍. ജയദേവന് ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയും പ്രമുഖ കവിയും, പ്രഭാഷകനുമായ കരിവെള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ടി.എന്‍. സ്മാരക സമിതി സെക്രട്ടറി കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വെച്ച് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ അവാര്‍ഡ് സമര്‍പ്പണ നടത്തും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. സിപിഐ നേതാവ് കെ.എസ്. ജയ, അഡ്വ. രാജേഷ് തമ്പാന്, ടി.എന്‍. കൃഷ്ണദാസ്, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ സംസാരിക്കും.