നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മൃതി ദിനത്തോടനുബന്ധിച്ച് സെമിനാര് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മൃതി ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളജില് സെമിനാര് സംഘടിപ്പിച്ചു. കോളജ് പ്രിന്സിപ്പല് റവ.ഡോ. ജോളി ആന്ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനും വിദ്യാഭ്യാസ വിചക്ഷണനും ശ്രീകൃഷ്ണ കോളജ് അധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന് ചാവറയച്ചനും മലയാള സാഹിത്യവും എന്ന വിഷയത്തെ മുന്നിര്ത്തി കേരളീയ സമൂഹത്തിന്റെ സാംസ്കാരിക ഭൂമികയില് ചാവറയച്ചന് നടത്തിയ ഇടപെടലുകളെക്കുറിച്ചും ഇടയനാടകങ്ങള്, ഖണ്ഡകാവ്യം, ചാവരുള്, ആത്മാനുതാപം തുടങ്ങിയ സാഹിതകൃതികള് കേരളീയ സമൂഹത്തിന് പകര്ന്നു നല്കിയ ജ്ഞാനതലങ്ങളെ കുറിച്ചും, നവോത്ഥാന ആശയങ്ങളായ സ്ത്രീ ശാക്തികരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില് ഉണ്ടാക്കിയ പരിവര്ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. മലയാള വിഭാഗം അധ്യക്ഷന് ഫാ. ടെജി കെ. തോമസ് സിഎംഐ, കോളജ് പിആര്ഒ ഫാ. സിബി ഫ്രാന്സിസ്, ഡോ. എം.വി. അമ്പിളി, ഡോ. അനുഷ മാത്യു, ഡോ. സുബിന് ജോസ്, അസി. പ്രഫ. വി.സി. രതീഷ് തുടങ്ങിയവര് സംസാരിച്ചു. വിദ്യാര്ഥികള്ക്കായി ചാവറ ദര്ശനങ്ങളോടനുബന്ധിച്ചുള്ള പ്രശ്നോത്തരിയും സംഘടിപ്പിച്ചു.