കാറളം നന്തിയില്‍ പട്ടാപ്പകല്‍ മോഷണം; അന്വേഷണം ഊര്‍ജിതം
ഇരിങ്ങാലക്കുട: കാറളം നന്തിയില്‍ പൂട്ടികിടന്നിരുന്ന വീട്ടില്‍നിന്നു പത്തുപവന്‍ മോഷണം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. കാറളം നന്തിയിലെ ഗെയില്‍ ഓഫീസിന് സമീപം താമസിക്കുന്ന പൊന്നാനി പ്രേമന്റെ വീട്ടിലാണ് മോഷണംനടന്നത്. കാട്ടൂര്‍ സിഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണംനടത്തുന്നത്.
വീടും പരിസരവും കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിനു പിന്നലെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടില്‍ ആരും ഇല്ലെന്നറിയാവുന്നവരും വീട്ടിലെ ആളുകള്‍ പുറത്തേക്കുപോകുന്ന വിവരവും അവര്‍ തിരിച്ചുവരുന്ന സമയവും കൃത്യമായി അറിയാവുന്നവരാണ് ഇതിനു പിന്നില്‍. പ്രേമന്റെ സഹോദരനെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പ്രേമനും മകളും പ്രേമന്റെ സഹോദരന് ഷൈലജനെയുംകൊണ്ട് ചികിത്സാ ആവശ്യങ്ങള്‍ക്കായി തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് നഴ്സായ പ്രേമന്റെ ഭാര്യ ഷീജ ജോലിക്കും പോയിരിക്കുകയായിരുന്നു. ഈസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇക്കാര്യം കൃത്യമായി അറിയാവുന്നവരാകണം മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
പ്രേമനും സഹോദരനും മകളും ഉച്ചയ്ക്ക് മൂന്നുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. തുടര്‍ന്നുനടന്ന പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഒരു മാലയും രണ്ടു വളയുമാണ് കവര്‍ന്നിരിക്കുന്നത്. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു.
വീടിനു പരിസരത്ത് സിസിടിവി കാമറകള്‍ ഇല്ല. ഗെയില്‍ ഓഫീസില്‍ മാത്രമാണ് ഇവിടെ സിസിടിവി കാമറ ഉള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ ലഭിക്കണമെങ്കില്‍ എറണാകുളത്തെ ഓഫീസുമായി അന്വേഷണസംഘത്തിന് ബന്ധപ്പെടണം.
നെല്‍കൃഷി ഏറ്റെടുത്തു നടത്തുന്ന ഇവരുടെ പാടശേഖരങ്ങളില്‍ ജോലിക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യംചെയ്തിട്ടുണ്ട്.
കേസന്വേഷണത്തിനെത്തിയ ഡോഗ് സ്ക്വാഡിലെ സ്റ്റെല്ലയെ പരിശോധനക്കായി എത്തിച്ചിരുന്നു. മോഷണംനടന്ന വീടിന്റെ പിന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഇതുവഴിയായിരിക്കാം മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. വീടിനുപുറകില്നിന്നു മണംപിടിച്ച പോലീസ് ഡോഗ് പാടത്തിനു സമീപത്തെ ഒറ്റവരമ്പിലൂടെ ബണ്ട് റോഡ് വഴി പാലത്തിനു സീപമെത്തി നില്‍ക്കുകയായിരുന്നു.