ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രകള്‍ പൊളി, എന്ന് തീരും ഈ ദുരിതം
ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രകള്‍ ദുരിതം ഗതാഗതക്കുരുക്ക് രൂക്ഷം
മാപ്രാണം: നേരെപോയാല്‍ തടസം, എന്നാല്‍ വളഞ്ഞുപോയാലോ അവിടെയും തടസം. ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ദുരിതമാകുന്നു. സംസ്ഥാനപാത നിര്‍മാണവും വീതികൂട്ടലുംമൂലം സംജാതമായ രൂക്ഷ ഗതാഗതക്കുരുക്കില്‍നിന്നു രക്ഷപെടാന്‍ നഗരത്തിലെ ഉള്‍വഴി തെരെഞ്ഞെടുക്കുന്നവര്‍ക്കു അവിടെയും അമൃത് കുടിവെള്ള പദ്ധതിക്കുവേണ്ടി കുഴിതോണ്ടി, സുഗമമായ ഗതാഗതം സാധ്യമല്ലാത്ത അവസ്ഥ നിലനില്ക്കുന്നു.
മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡുകള്‍ പൂര്ണമായരീതിയില് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ നടപടികള്‍ എടുക്കാത്തതുമൂലമാണ് ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രാദുരിതങ്ങള്‍ തുടരുന്നതിന്റെ കാരണം. പ്രധാന റോഡുകളിലും മറ്റു റോഡുകളിലും ഒരേസമയം അറ്റകുറ്റപ്പണികള്‍ നടക്കുന്നതും പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു. സമയബന്ധിതമായി പണികള്‍ നടക്കാത്തത് ഇനിയും യാത്രാദുരിതം തുടരും എന്ന സൂചനയാണ് നല്‍കുന്നത്.
വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്ന നാളുകളാണ് ഇപ്പോള്‍. സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്ത പല ഇട റോഡുകളിലും രാത്രിയിലും മറ്റും വാഹനങ്ങള്വന്ന് കുടുങ്ങുന്ന സ്ഥിതിയും നിലവിലുണ്ട്. ഷൊര്‍ണൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി കെഎസ്ടിപിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട നിര്‍മാണംതുടങ്ങി.
മാപ്രാണം ജംഗ്ഷന് മുതല്‍ പുത്തന്‍തോട് വരെയാണ് രണ്ടാംഘട്ടത്തില്‍ നിര്‍മാണം നടത്തുന്നത്. റോഡിന്റെ കിഴക്കുഭാഗം പൊളിച്ച് മണ്ണുനീക്കാന്‍ ആരംഭിച്ചു. റോഡ് പൊളിക്കാന്‍ ആരംഭിച്ചതോടെ മാപ്രാണത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡിന്റെ കിഴക്കുമാത്രം പണി നടക്കുന്നതിനാല്‍ തൃശൂരില്‍നിന്നു കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുപോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഇല്ലെങ്കിലും മാപ്രാണം ബ്ലോക്ക് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
തൃശൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളും പുതുക്കാട് ഭാഗത്തേക്ക് പോകുന്നതിനായി സിവില്സ്റ്റേഷന് വഴിവരുന്ന വണ്ടികളും മാപ്രാണം ബ്ലോക്ക് ജംഗ്ഷനില്‍ കൂടിച്ചേരുമ്പോഴാണ് കുരുക്ക് മുറുകുന്നത്. ഇതിനുപുറമേ ക്രൈസ്റ്റ് കോളേജ് ഭാഗത്തുനിന്നു ഗതാഗതനിയന്ത്രണം ലംഘിച്ചുവരുന്ന ബൈക്ക് അടക്കമുള്ള ചെറുവാഹനങ്ങളും കുരുക്കിന് കാരണമാകുന്നുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു.
ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി തൃശൂര്‍ ഭാഗത്തേക്കുപോകുന്ന സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ള് ബസ് സ്റ്റാന്‍ഡില്‍നിന്ന് എകെപി ജംഗ്ഷന് വഴി സിവില്സ്റ്റേഷന് മുന്നിലൂടെ പൊറത്തിശേരി, ചെമ്മണ്ട, മൂര്‍ക്കനാട് വഴി പുത്തന്‍തോട് ജംഗ്ഷനില്‍നിന്നു തിരിഞ്ഞാണ് ഇപ്പോള്പോകുന്നത്.