ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പ്

ബില്യണ്‍ ബീസ് എന്ന സ്ഥാപനം വഴി തട്ടിപ്പിനിരയായവര്‍ പരാതിയുമായി ഇരിങ്ങാലക്കുട റൂറല്‍ എസ്പി ഓഫീസില്‍ പരാതി നല്കാനെത്തിയപ്പോള്.
പണം വരുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ എത്തിക്കാനാകും. പരിശോധന നടക്കുന്നതിനാല്‍ ശ്രദ്ധിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകൂ
ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നില്‍ കള്ളപ്പണ ഇടപാടും, ഉടമയുടെ ഓഡിയോ പുറത്ത്
ഇരിങ്ങാലക്കുട: പണം വരുന്നുണ്ട്, ഒരാഴ്ചക്കുള്ളില്‍ എത്തിക്കാനാകും. പരിശോധന നടക്കുന്നതിനാല്‍ ശ്രദ്ധിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകൂബില്യണ് ബീസ് ഉടമകളിലൊരാളായ സുബിന് നിക്ഷേപകനായ ഒരു വ്യക്തിക്കു നല്കുന്ന ഓഡിയോ സന്ദേശത്തിലെ വാക്കുകളാണിത്. ഇതോടെ ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നില്‍ കള്ളപ്പണ ഇടപാടും ഉണ്ടെന്നുള്ള സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്.
ഇടപാടുകാരോട് കള്ളപ്പണം വരുന്നതായി വെളിപ്പെടുത്തുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മഴയും മറ്റും ഉള്ളതിനാല്‍ വൈകും എന്നും തൃശൂരില്‍ പണമെത്തിയാല്‍ ഉടന്‍ ബിബിനെ വിളിക്കുമെന്നും അതോടെ പണം നല്‍കാനാകും ഈ വെള്ളിയാഴ്ച വിട്ട് പണം തരാന്‍ വൈകില്ലെന്ന ഉറപ്പും സംഭാഷണത്തിലുണ്ട്. ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടിയാണ് ഇരിങ്ങാലക്കുടയില്‍ ധനകാര്യ സ്ഥാപനം വഴി സഹോദരങ്ങള്‍ തട്ടിയത്. സ്ഥാപനത്തിന്റെ ഉടമകളായ ബിബിന്‍ കെ. ബാബുവിനും ഭാര്യ ജൈതക്കും സഹോദരന് സുബിനുമെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.
പത്ത് ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 രൂപ മുതല്‍ 50,000 രൂപ വരെ വരുമാനം, 36% വരെ ലാഭം. അറിഞ്ഞവര്‍ പണം നിക്ഷേപിച്ചു. ആദ്യം നിക്ഷേപിച്ചവര്‍ക്ക് ദീര്‍ഘകാലം പ്രതിമാസം പണം ലഭിച്ചതോടെ, കൂടുതല്‍ പേര് വന്‍ തുകയുമായെത്തി. ഒടുവില്‍ കഴിഞ്ഞ എട്ടുമാസമായി മുതലുമില്ല പലിശയും ഇല്ല. നിക്ഷേപകര്‍ പണം ആവശ്യപ്പെടുമ്പോഴെല്ലാം ഇന്ന്, നാളെ എന്ന് അവധി പറഞ്ഞ് ഒഴിവാക്കി. പലതവണ ഫോണില്‍ ബന്ധപ്പെട്ടു, അങ്ങനെയിരിക്കെയാണ് ബിബിനും ഭാര്യ ജൈതയും വിദേശത്തേക്ക് കടന്നത്. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായതോടെയാണ് പോലീസില്‍ പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തിയത്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബില്യണ്‍ ബീസ് കാപ്പിറ്റല്‍ ലിമിറ്റഡ് ചെയര്മാന് ബിബിന്‍ കെ. ബാബുവിനു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായി പോലീസ്. രണ്ടര കോടിയും ഒന്നര കോടിയും പത്ത് ലക്ഷം വീതം നഷ്ടപ്പെട്ട രണ്ടു പേരുടെയും അടക്കമുള്ള പരാതികളിലാണ്ഇരിങ്ങാലക്കുട പോലീസ് പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. നാല് കേസുകളാണ് ഇതിനകം എടുത്തിരിക്കുന്നത്.
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് 2018 മുതലാണ് നടവരമ്പ് കിഴക്കേവളപ്പില്‍ ബിബിന്‍ കെ. ബാബു കനത്ത ലാഭവും പലിശയും വാഗ്ദാനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതെന്നും 2023 അവസാനത്തോടെയാണ് ഓഫീസിന്റെ പ്രവര്‍ത്തനം നിറുത്തിയതെന്നും പോലീസ് പറഞ്ഞു. 2019 ലാണ് ബിബിന്‍ കെ. ബാബു, സഹോദരങ്ങളായ സുബിന്, ലിബിന് എന്നിവര്‍ ചേര്‍ന്ന് വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം ബില്യണ്‍ ബീസ് എന്ന പേരില്‍ ധനകാര്യസ്ഥാപനം തുടങ്ങുന്നത്.
ശേഷം കാട്ടൂര്‍ റോഡില്‍ പാം സ്ക്വയറില്‍ 10,000 ചതുരശ്ര അടിയുള്ള ആഡംബര ഓഫീസും നടത്തിയിരുന്നു. ലാഭം എത്തിയതോടെ ദുബായിലും സ്ഥാപനം ആരംഭിച്ചു. ഇരിങ്ങാലക്കുട പാം സ്ക്വയറിലെ ഓഫീസിനോട് ചേര്‍ന്ന് ബീസ് കഫേ എന്ന പേരില്‍ കഫേയും തുടങ്ങിയിരുന്നു. എല്ലാം അടച്ചുപൂട്ടി. പ്രതികള്‍ വിദേശത്തായതിനാല്‍ ഇവരെ നാട്ടിലെത്തിക്കുവാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്.
തട്ടിപ്പിനിരയായവരില്‍ ഡോക്ടര്‍മാരും റിയല്‍ എസ്റ്റേറ്റ് മുതലാളിമാരും പ്രവാസികളും
ബില്യണ്‍ ബീസ് എന്ന സ്ഥാപനം വഴി തട്ടിപ്പിനിരയായവില് ഡോക്ടര്‍മാരും റിയല്‍ എസ്റ്റേറ്റ് മുതലാളിമാരും പ്രവാസികളുമടക്കം നിരവധി പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു നടന്റെ സഹോദരന് പണം നിക്ഷേപിച്ചതായും പിന്നീട് നിക്ഷേപിച്ച പണം തിരിച്ചു വാങ്ങിയതായും സൂചനയുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ നിക്ഷേപിച്ചവര്‍ക്ക് ലാഭം കിട്ടിയതറിഞ്ഞ് ബില്യണ്‍ ബീസിന്റെ ജീവനക്കാരും ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ ആനുകൂല്യങ്ങള്‍ ആയി ലഭിച്ച തുക വരെ നിക്ഷേപിച്ചിട്ടുണ്ട്.
ഭൂമിയും സ്വര്‍ണവും വിറ്റും പണം നിക്ഷേപിച്ചവരും നിരവധി. 150 കോടിയിലധികം നിക്ഷേപം എന്നാണ് പോലീസിന്റെ കണക്ക്. പലരും പുറത്ത് പറഞ്ഞാല്‍ മാനം പോകും എന്ന അവസ്ഥയിലാണ്. ദുബായില്‍ വച്ച് ചില ബിസിനസ് മുതലാളിമാരെ ഇവര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത് ഇരിങ്ങാലക്കുടയിലെ തന്നെ ഒരു വ്യക്തിയാണ്. തട്ടിപ്പ് പുറത്തായതോടെ ഇവരോടൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്.