ബില്യണ്‍ ബീസ് ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്, പരാതികള്‍ കൂടുന്നു

ഇരിങ്ങാലക്കുട: ബില്യണ്‍ ബീസ് ഷെയര്‍ ട്രേഡിംഗ് തട്ടിപ്പില്‍ ഓരോ ദിവസം ചെല്ലുന്തോറും തട്ടിപ്പിന്റെ വ്യാപ്തി ഏറുന്നതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു കേസുമാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 32 പേരായി, ഇപ്പോള്‍ 55 പേര് പരാതി നല്കിയിരിക്കുന്നതായി പോലീസ് വ്യക്തമാക്കി. നാണക്കേട് ഭയന്ന് പരാതി നല്‍കാത്തവരാണ് അധികവും. 150 കോടിയിലേറെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും ലഭിച്ച എല്ലാ പരാതികളില്‍ പ്രകാരം 102783000 (പത്ത് കോടി ഇരുപത്തി ഏഴ് ലക്ഷത്തി എണ്‍പത്തി മൂവായിരം) രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അഞ്ചു കേസുകളാണ് എടുത്തിരിക്കുന്നത്. ഇതില്‍ ഒരു കേസ് അന്വേഷിക്കുന്നത് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ആണ്.
ബാക്കി നാല് കേസുകള്‍ അന്വേഷിക്കുന്നത് ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ ആണ്. ഉടമകളായ ഇരിങ്ങാലക്കുട നടവരമ്പ് കിഴക്കേവളപ്പില്‍ വീട്ടില്‍ ബിബിന്‍ (35), ഭാര്യ ജൈത വിജയന് (33), സഹോദരന് സുബിന് (31), ജനറല്‍ മാനേജര്‍ സജിത്ത് എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ ഒരു സ്വകാര്യ ബാങ്കിലെ അസി. മാനേജരായി പ്രവര്‍ത്തിച്ചിരുന്ന ബിബിന്‍ അവിടെ നിന്നും ലഭിച്ച ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ട്രേഡിംഗിലേക്ക് ആളുകളെ ചേര്‍ത്തിയത്. മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ 12 ശതമാനം ലാഭവിഹിതം നല്കുമ്പോള് ബില്യണ്‍ ബീസ് 36 ശതമാനമാണ് ലാഭവിഹിതം നല്‍കിയിരുന്നത്.
ഒരിക്കല്‍ ലാഭവിഹിതം ലഭിച്ചാല്‍ പിന്നെ അവര്‍തന്നെ ഈ തട്ടിപ്പിന്റെ അംബാസിഡര്‍മാരാകുന്ന അവസ്ഥയാണുള്ളത്. പ്രവാസി മലയാളികളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ബാങ്ക് ജോലി മുഖേന ബിബിനു സാധിച്ചു. പ്രവാസി മലയാളികളെ വിശ്വസിപ്പിച്ച് ഷെയര്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചു. ഊഹക്കച്ചവടത്തില്‍ പണം വേഗത്തില്‍ തിരിച്ചുനല്കിയതോടെ വിശ്വാസം കൂടി. പണം കിട്ടിയവര്‍ കിട്ടിയവര്‍ അടുപ്പക്കാരോട് രഹസ്യമായി ബിബിന്റെ മിടുക്ക് വിവരിച്ചു. ഇതോടെ പണം ഒഴുകി. കാശിന്റെ വരവ് കണ്ട് കണ്ണ് മഞ്ഞളിച്ചു. ഇതോടെ ആദ്യം ബാങ്ക് ജോലി ഉപേക്ഷിച്ചു.
പിന്നെ ബില്യണ്‍ ബീസ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുകയായിരുന്നു. 100 കോടി തേനീച്ചകളെന്ന് നാമകരണം ചെയ്തതുപോലെ നിക്ഷേപം 100 കോടി കഴിഞ്ഞു. ലാഭം കൈനിറയെ കിട്ടിത്തുടങ്ങിയപ്പോള്‍ നിക്ഷേപകര്‍ പറഞ്ഞുപറഞ്ഞ് പ്രശസ്തി ഇന്ത്യയൊട്ടുക്കും വ്യാപിച്ചു. പിന്നെ ദുബായിലും സ്ഥാപനങ്ങള്‍ തുടങ്ങി. നിക്ഷേപതുകകള്‍ കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച വന്നതോടെ അടിപതറി. ഇതോടെ സ്ഥാപനം പൊളിഞ്ഞു. ഇടപാടുകാര്‍ മുതലും പലിശയുമില്ലാതെ വലഞ്ഞു. ഇതോടെ ബിബിനും ഭാര്യ ജൈതയും ദുബായിലേക്ക് മുങ്ങി.
നിക്ഷേപം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി
സോഷ്യല്‍ മീഡിയയിലും മറ്റും വന്‍തോതില്‍ പരസ്യം നല്‍കിയായിരുന്നു ഇവര്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചത്. നിക്ഷേപിച്ച തുക ആവശ്യപ്പെടുന്ന മുറയ്ക്ക് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് പറഞ്ഞായിരുന്നു ആളുകളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത്. കമ്പനി ലാഭത്തിലായാലും നഷ്ടത്തിലായാലും നിക്ഷേപിച്ച തുക അപ്പോള്‍ തന്നെ രണ്ടുദിവസത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന ഉറപ്പും ഈ നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. അതിന്റെ തെളിവായി തന്നെ ഉടമ ബിബിന്‍ കെ. ബാബുവും അയാളുടെ സഹോദരങ്ങള്‍ സുബിന്, ലിബിന് എന്നിവരുടെയെല്ലാം ഒപ്പുമടങ്ങിയ ചെക്കും നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍ എഗ്രിമെന്റില്‍ പറഞ്ഞതുപോലെ ലാഭവിഹിതം കിട്ടാതെ വന്നപ്പോള്‍ സ്ഥാപനത്തില്‍ തിരിച്ചുചെന്ന് ഈ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ സ്ഥാപനത്തിന്റെ ഉടമയായ ബിബിന്‍ ഭീഷണിപ്പെടുത്തിയെന്ന് നിക്ഷേപകര്‍ പറഞ്ഞു. നിര്ധനകുടുംബാംഗങ്ങളായിരുന്നു ബിബിനും സഹോദരങ്ങളും. ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണിക്കു പോയും ഉപജീവനം കണ്ടെത്തിയ യുവാക്കളാണ് ഒരു സുപ്രഭാതത്തില്‍ കോടികള്‍ സമാഹരിച്ചത്. സ്കൂളിലെ സുരക്ഷാജീവനക്കാരനായും ഉദ്യാനപാലകനായും ഉപജീവനം തേടിയിരുന്ന സാധാരണക്കാരന്റെ മക്കളാണ് ഇവര്‍.