കോള്‍പാടങ്ങളില്‍ നിന്ന് രണ്ട് ജലപ്രാണി ഇനങ്ങളെ പുതുതായി കണ്ടെത്തി
ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗത്തിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകര്‍ കേരളത്തില്‍ നിന്ന് കണ്ടെത്തിയ ജലപ്രാണി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗത്തിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകര്‍ കേരളത്തില്‍ നിന്ന് ആദ്യമായി രണ്ട് ജലപ്രാണികളുടെ സാന്നിധ്യം രേഖപ്പെടുത്തി. വെള്ളത്തിലാശാന്‍ അഥവാ എഴുത്താശാന്‍ പ്രാണി എന്നീ പേരുകളില്‍ അറിയപ്പെടുന്ന വാട്ടര്‍ സ്ട്രൈഡറുകളും ചെറിയ വെള്ളത്തിലാശാന്‍ പ്രാണി അഥവാ ഓളപ്രാണി എന്നീ പേരുകളില്‍ അറിയപ്പെടുന്ന റിഫിള്‍ ബഗുകളും ഈ വിഭാഗത്തിലെ അര്ധജലജീവികളാണ്. ജല ആവാസവ്യവസ്ഥകളില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഇവയെക്കുറിച്ച് കേരളത്തില്‍ താരതമ്യേന കുറച്ച് പഠനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. അതിനാല്‍ സംസ്ഥാനത്തെ ജൈവവൈവിധ്യം രേഖപ്പെടുത്തുന്നതില്‍ ഈ കണ്ടെത്തലുകള്‍ക്ക് പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും നേരത്തേ രേഖപ്പെടുത്തിയിരുന്ന ലിംനോഗോണസ് (ലിംനോഗോണോയ്ഡീസ്) പെക്റ്റൊറാലിസ് എന്ന വാട്ടര്‍ സ്ട്രൈഡറിന്റെ സാന്നിധ്യം കേരളത്തിലും ആദ്യമായി സ്ഥിരീകരിച്ചു.
രണ്ടാമത്തെ ഇനമായ സ്ട്രോങ്ങിലോവെലിയ ലില്ലിയെ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. 2015ല്‍ തമിഴ്നാട്ടില്‍നിന്ന് ആദ്യമായി വിവരിക്കപ്പെട്ട ഈ ഇനത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ രേഖപ്പെടുത്തലാണിത്. കൂടാതെ സ്ട്രോങ്ങിലോവെലിയ എന്ന ജനുസിന്റെ കേരളത്തിലെ ആദ്യ റിപ്പോര്‍ട്ടും ഇതോടെ സാധ്യമായി. പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ജേണല്‍ ഓഫ് ത്രെറ്റന്‍ഡ് ടാക്സയുടെ ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. തൃശൂര്‍ ജില്ലയിലെ പാലക്കല്‍, കാട്ടൂര്‍, തൊമ്മാന എന്നീ കോള്‍ പാടങ്ങളില്‍ നിന്നാണ് രണ്ട് ഇനങ്ങളെയും കണ്ടെത്തിയത്. വേമ്പനാട് കോള്‍ തണ്ണീര്‍ത്തട വ്യവസ്ഥയുടെ ഭാഗമായ കോള്‍ നിലങ്ങള്‍ സമ്പന്നമായ ജൈവവൈവിധ്യം ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയാണ്. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയിലും ഇവയ്ക്ക് പ്രധാന പങ്കുണ്ട്.
എന്നാല്‍ മനുഷ്യന്റെ വിവിധ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ഈ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ജൈവവൈവിധ്യത്തിന്റെ തുടര്‍ച്ചയായ പഠനവും സംരക്ഷണവും അനിവാര്യമാണ്. കേരളത്തിലെ ജലജീവി പ്രാണികളുടെ ശേഖരത്തിലേക്ക് പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഈ പഠനം പ്രത്യേകിച്ച് വെലിയിഡേ കുടുംബത്തില്‍പ്പെട്ട പ്രാണികളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. ഗവേഷകസംഘത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷക വിദ്യാര്‍ഥിനി രേഷ്മ രാമന്, പുല്ലൂറ്റ് കെകെടിഎം ഗവണ്മെന്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവി പ്രഫസര്‍ ഡോ. ഇ.എം. ഷാജി, ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിന്റെ മേധാവിയുമായ ഡോ. സി. ബിജോയ് എന്നിവര്‍ ഉള്‍പ്പെടുന്നു. ഗവേഷണത്തിന് സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിലൂടെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) സാമ്പത്തിക സഹായം ലഭിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി