പമ്പിംഗ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടാക്കാന്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് ഒന്നര ലക്ഷം രൂപയുടെ ഫണ്ടിംഗ്
ഇരിങ്ങാലക്കുട: കേരള ജലഅതോറിക്ക് വേണ്ടി പമ്പിംഗ് സ്റ്റേഷനുകള്‍ക്കായുള്ള ഓട്ടോമേഷന്‍ സംവിധാനം വികസിപ്പിക്കാന്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് ഒന്നര ലക്ഷം രൂപയുടെ ഫണ്ടിംഗ് ലഭിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. കാരന് ബാബുവിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളായ ആഷിക് ജോസ്, വി. നന്ദഗോപാല്‍, സാന്ദ്ര സി. നായര്‍ എന്നിവര്‍ സമര്‍പ്പിച്ച പ്രോജക്ട് പ്രൊപ്പോസലിനാണ് അംഗീകാരം. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ ജല അതോറിറ്റി സംഘടിപ്പിച്ച വാട്ടര്‍ ഇന്നവേഷന്‍ ചലഞ്ചിലെ മികവിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടിംഗ് ലഭിച്ചത്. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നായി ലഭിച്ച അന്‍പതിലേറെ എന്‍ട്രികള്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. വിജയികളെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി സിഎംഐ, ഫാ. ആന്റണി ഡേവിസ് സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, ഐഇഡിസി നോഡല്‍ ഓഫീസര്‍ രാഹുല്‍ മനോഹര്‍ എന്നിവര്‍ അഭിനന്ദിച്ചു.